ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന. ഡിസംബർ 12, 13 തീയതികളിലായി നടന്ന പരിശോധനയിൽ ഒമ്പതു സ്ഥാപനങ്ങൾ അടപ്പിച്ചതായി ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ് അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിൽനിന്നും മറ്റും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെസംബന്ധിച്ച് പരാതികള്‍ വ്യാപകമായതോടെയാണ് പരിശോധന.
മൂന്നുപേർ വീതമടങ്ങുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 96 സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പരിശോധനകൾ നടത്തിയത്. വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ചു പ്രവർത്തിക്കുന്ന 995 ഹോസ്റ്റലുകളിലും മെസ്സ്, കാന്റീനുകൾ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയ 127 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും കൂടാതെ 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകിയിട്ടുണ്ട്.
പരിശോധനയിൽ നിയമാനുസൃത ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 179 സ്ഥാപനങ്ങൾ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം അനുശാസിക്കുന്ന നിയമനടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം പ്രതിപാദിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഹോസ്റ്റൽ, കാന്റീൻ, മെസ്സ് നടത്തുന്നവർ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.