പുതിയ മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനാരോഹണം 2024 ജനുവരി 11-ാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ചു നടത്തുന്നു. സിനഡുപിതാക്കന്മാരോടൊപ്പം രൂപതകളിൽനിന്നുള്ള അത്മായ സമർപ്പിത വൈദികപ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും മാത്രമായിരിക്കും കർമ്മത്തിൽ പങ്കെടുക്കുന്നത്.
2023 ഡിസംബർ 7-ാം തീയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ രാജി സ്വീകരിച്ചതോടെയാണ് പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. സഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങൾ ചെയ്തു. പുതിയ മേജർആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പുവാർത്ത വത്തിക്കാനിലും സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയത്തിലും ഒരേസമയം അറിയിക്കുകയുണ്ടായി.