Monday, April 21, 2025

ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറിയടിച്ച് ഇന്ത്യൻ ടീം

ചൈനയിൽ വച്ചു നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ ടീം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്‌പേയിയെ തകർത്ത് സ്വർണ്ണമെഡൽ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡൽ നേട്ടം നൂറിലെത്തിയത്. 25 സ്വർണ്ണവും 35 വെള്ളിയും 40 വെങ്കലവും നേടിയാണ് നൂറു മെഡലുകളെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്.

ഗെയിംസിന്റെ 14 -ാം ദിനമായ ഇന്ന്, ഇന്ത്യ സ്വന്തമാക്കുന്ന അഞ്ചാം മെഡലാണിത്. നേരത്തെ അമ്പെയ്ത്തിൽ ഇരട്ടസ്വർണ്ണമടക്കം നാല് മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ഇന്ത്യ സ്വർണ്ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24 -ാം സ്വർണ്ണമെഡൽ നേടിയത്. ഫൈനലിൽ ഇന്ത്യയുടെതന്നെ അഭിഷേക് വർമ്മയെ പരാജയപ്പെടുത്തിയാണ് പ്രവീൺ സ്വർണ്ണമെഡൽ സ്വന്തമാക്കിയത്.

അതേസമയം, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്താണിത്. 72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇന്ത്യ മെഡൽവേട്ടയിൽ മൂന്നക്കം തികയ്ക്കുന്നത്. അഞ്ചുവർഷം മുമ്പ്, 2018 -ൽ ജക്കാർത്തയിൽ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോഡ്.

ഇന്ത്യയുടെ ചരിത്രപ്രകടനത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘കായികതാരങ്ങളുടെ പ്രകടനം വിസ്മയിപ്പിക്കുന്നതാണെ’ന്ന് ട്വീറ്റ് ചെയ്തു.

Latest News