Friday, April 4, 2025

ഹമാസ് നേതാവ് കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ

ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇസ്മായിൽ ഹനിയെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽവച്ചു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ബുധനാഴ്ച പുലർച്ചെ ടെഹ്‌റാനിൽവച്ചാണ് ഇസ്മായിൽ ഹനിയെ കൊല്ലപ്പെടുന്നത്.

ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, ടെഹ്‌റാൻ ആക്രമണത്തിന് മണിക്കൂറുകൾക്കുമുമ്പ് ലെബനനിൽ ഒരു മുതിർന്ന ഹിസ്ബുള്ള കമാൻഡറെ കൊലപ്പെടുത്തിയതുൾപ്പെടെ, അടുത്ത ദിവസങ്ങളിൽ തന്റെ രാജ്യം ശത്രുക്കൾക്ക് ‘തകർപ്പൻ പ്രഹരങ്ങൾ’ നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. തന്നെയുമല്ല, വരുംദിവസങ്ങൾ സംഘർഷം നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം  ഇസ്രായേൽജനങ്ങൾക്കു സൂചനകൾ നൽകി.

ഇറാന്റെ തലസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹനിയെ കൊല്ലപ്പെട്ടതെന്ന് ബുധനാഴ്ച ഹമാസ് പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പറയുന്നു. പുതിയ ഇറാനിയൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിനു പിന്നാലെയാണ് സംഭവം നടന്നത്.

Latest News