ഒരു കത്തോലിക്കാ ചാപ്ലെയിനെ കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ ഭീകരാക്രമണത്തിന്റെ സാധ്യത ഉണ്ടോയെന്ന് ഐറിഷ് സൈനിക അധികാരികൾ അന്വേഷിക്കുന്നതായി റിപ്പോർട്ട്. തീരദേശ നഗരമായ ഗാൽവേയിലെ റെൻമോർ സൈനിക ബാരക്കിനു പുറത്ത് വ്യാഴാഴ്ചയാണ് ഫാ. പോൾ മർഫി എന്ന വൈദികന് കുത്തേറ്റത്.
ആക്രമണത്തിൽ അൻപതുകാരനായ വൈദികന് മാരകമായ പരിക്കേറ്റിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 16 വയസുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. “ഇന്നലെ രാത്രി റെൻമോർ ബാരക്കിനു പുറത്തുനടന്ന ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. എന്റെ ചിന്തകൾ, ആശുപത്രിയിലുള്ള പ്രതിരോധസേനയിലെ അംഗത്തിനൊപ്പമാണ്” – ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വെള്ളിയാഴ്ച പറഞ്ഞു. അതേസമയം, സംഭവം ഭീകരാക്രമണമാകാൻ സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി ഐറിഷ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
വൈദികനു കുത്തേറ്റ സംഭവം ഞെട്ടലും അസ്വസ്ഥതയും ഉളവാക്കുന്നതാണെന്ന് ഗാൽവേ ബിഷപ്പ് എം. ജി. ആർ. മൈക്കൽ ഡുഗ്നൻ പറഞ്ഞു. “മുറിവേറ്റ മനുഷ്യനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹം പൂർണ്ണമായി സുഖംപ്രാപിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സൈന്യത്തിലെ സഹപ്രവർത്തകർക്കും ഈ സമയത്ത് അദ്ദേഹത്തിന്റെ മുറിവുകൾ ചികിത്സിക്കുന്ന മെഡിക്കൽ സ്റ്റാഫിനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു” – ബിഷപ്പ് കൂട്ടിച്ചേർത്തു.
അതേസമയം, വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ, ആളുകളുടെ സ്നേഹത്തിനും കരുതലിനും പ്രാർഥനയ്ക്കും വൈദികൻ നന്ദി പറഞ്ഞു – “ക്ഷമിക്കണം, എനിക്ക് എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാനും എനിക്കുവരുന്ന എല്ലാ കോളുകളും എടുക്കാനും കഴിയില്ല. എനിക്ക് സുഖമാണ്; ഞാൻ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. എല്ലാം വൈകാതെ ശരിയാകും” – വൈദികൻ തന്റെ പോസ്റ്റിൽ കുറിച്ചു.