നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ (ISWAP) അംഗങ്ങൾ മൂന്നു ക്രൈസ്തവരെ കൊലപ്പെടുത്തി. കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്.ഐ.എസ്) അതിന്റെ പ്രചാരണ ഔട്ട്ലെറ്റായ അമഖ് ന്യൂസ് ഏജൻസിയിലൂടെ പുറത്തുവിട്ടു.
മുഖംമൂടി ധരിച്ച, തോക്കുധാരികളായ മൂന്നുപേർക്കു മുന്നിൽ ക്രിസ്ത്യൻ പുരുഷന്മാരെ കൈകൾ പിന്നിൽ കെട്ടിയ നിലയിലും പിന്നീട് യന്ത്രത്തോക്കുകൾ ഉപയോഗിച്ച് അവരെ വെടിവച്ചിടുന്നതായും ദൃശ്യങ്ങളിൽ കാണാം. ജൂൺ മൂന്നിന്, വടക്കൻ നൈജീരിയൻ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ഒരു ഹൈവേയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിൽനിന്ന് ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരായ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവരാണ് കൊല്ലപ്പെട്ടവരിൽ മൂന്നുപേർ എന്ന നിഗമനത്തിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ നാലാമത്തെ ആളുടെ നില എന്തെന്ന് വ്യക്തമല്ല.
ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, 2016-ൽ ബോക്കോ ഹറാമിൽനിന്നു വ്യതിചലിച്ചവർ ചേർന്നു രൂപീകരിച്ച തീവ്രവാദസംഘടനയാണ്. നൈജീരിയയിലെ നിരവധി ഗ്രാമങ്ങളിൽ ക്രിസ്ത്യൻസമൂഹങ്ങൾക്കെതിരെ പതിവായി ആക്രമണം നടത്തുന്ന ഒരു സംഘമാണ് ഇവർ. ഇവർ നടത്തിയ ആക്രമണങ്ങളിൽ 12 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. മറ്റു ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽനിന്ന് ഓടിപ്പോകാൻ നിർബന്ധിതരായി. ക്രൈസ്തവരുടെ ഭവനങ്ങളും മറ്റും തീയിട്ടു നശിപ്പിക്കുക, അവരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുക തുടങ്ങിയ ഭീകരപ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ഈ ഭീകരസംഘടനയും.