ഒരുവർഷം മുമ്പ് മരവിപ്പിച്ച, വിരമിച്ച കത്തോലിക്കാ പുരോഹിതർക്കുള്ള റിട്ടയർമെന്റ് ഫണ്ട് ഇല്ലാതാക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം. രാജ്യത്ത് കത്തോലിക്കാ സഭയ്‌ക്കെതിരായ ഉപരോധം കൂടുതൽ രൂക്ഷമാകുന്നതിന്റെ പുതിയ തെളിവാണിത്. ഈ നടപടിയിലൂടെ കത്തോലിക്കാ പുരോഹിതന്മാർക്ക് അവർ വർഷംതോറും അടച്ച ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ഇനി ഉണ്ടാകില്ല.
നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസ പറയുന്നതനുസരിച്ച്, ആഗസ്റ്റ് 19-ന് ഭരണകൂടം റദ്ദാക്കിയ 1,500 എൻ. ജി. ഒ. കളിലൊന്നാണ് അസോസിയേഷൻ ഫോർ ദി പ്രീസ്റ്റ്ലി ഇൻഷുറൻസ് ഫണ്ട്. 2005-ലെ ദേശീയ അസംബ്ലിയിൽ ഈ അസോസിയേഷന്റെ നിയമപരമായ പദവി അംഗീകരിച്ചതാണ്. ഈ ഫണ്ടിൽനിന്ന്, 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വൈദികർക്ക് 300 ഡോളറും 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വൈദികർക്ക് 150 ഡോളറും പ്രതിമാസ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഈ തുകയാണ് ഭരണകൂടം ഇല്ലാതാക്കിയത്.