ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് വീണ്ടും ഉത്തര കൊറിയ. ബുധനാഴ്ച രാവിലെയായിരുന്നു അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപണം. ഒരു മണിക്കൂറിലധികം പറന്ന മിസൈല്‍, ജപ്പാൻ കടലിനു സമീപം പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യോമാതിര്‍ത്തിയില്‍ അമേരിക്കയുടെ ചാരവിമാനം കണ്ടെത്തിയതായി ആരോപിച്ച് ഉത്തര കൊറിയ രംഗത്തുവന്നിരുന്നു. ഇതിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കമാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്. പ്യോങ്യാങ്ങിനു സമീപത്തുനിന്ന് വിക്ഷേപിച്ച മിസൈൽ 1000 കിലോമീറ്റർ സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. മിസൈൽ പരീക്ഷണത്തിനു പിന്നാലെ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടേയും ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുകയും സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ചാരവിമാനങ്ങൾ കണ്ടെന്ന ഉത്തര കൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനികവിമാനങ്ങൾ നിരീക്ഷണം നടത്തുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ ചാരവിമാനങ്ങൾ തങ്ങളുടെ മേഖലയില്‍ കണ്ടാൽ വെടിവച്ചിടുമെന്നും ഉത്തര കൊറിയ ഭീഷണി മുഴക്കിയിട്ടുണ്ട്.