Monday, November 25, 2024

സ്പെയിനിലെ വ്യാകുലമാതാവിന്റെ തീർഥാടനകേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

സ്‌പെയിനിലെ ഷൻതവിലയിലുള്ള വ്യാകുലമാതാവിന്റെ തീർഥാടനകേന്ദ്രത്തിൽ, നിലനിൽക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ വിശ്വാസ തിരുസംഘ ഡിക്കസ്റ്ററി. സ്‌പെയിനിലെ മേരീദാ- ബദാഹോസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കർബാല്ലോയുടെ അഭ്യർഥനപ്രകാരമാണ് വത്തിക്കാൻ ഔദ്യോഗികരേഖ പുറപ്പെടുവിച്ചത്.

വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ്, ഫ്രാൻസിസ് പാപ്പയുടെ അംഗീകാരത്തോടെ ആഗസ്റ്റ് 22-ന് രേഖ പ്രസിദ്ധീകരിച്ചത്. ലളിതവും നിരവധി തീർഥാടകർക്ക് അഭയകേന്ദ്രവുമായി നിലകൊള്ളുന്നതുമായ ഷൻതവില മാതാവിന്റെ തീർഥാടനകേന്ദ്രം ഇനിയും ധാരാളം ആളുകൾക്ക് ആന്തരികസമാധാനത്തിനും ആശ്വാസത്തിനും മാനസാന്തരത്തിനും സഹായകരമാകട്ടെയെന്ന് ഡിക്കസ്റ്ററിയുടെ രേഖയിൽ പ്രതിപാദിക്കുന്നു.

പോർച്ചുഗലുമായി അതിർത്തി പങ്കിടുന്ന ഷൻതവില തീർഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന ഇടത്ത്, 1945-ൽ രണ്ടു യുവജനങ്ങൾക്ക് വ്യാകുലമാതാവ് ദർശനം നൽകിയെന്നുള്ളതാണ് വിശ്വാസം. അമാനുഷിക ആധികാരികത ഡിക്കസ്റ്ററി ഉറപ്പിക്കുന്നില്ലെങ്കിൽപ്പോലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ പല അടയാളങ്ങളും അംഗീകരിക്കുന്നു. അജപാലനശുശ്രൂഷയ്ക്കും മറ്റ് ആത്മീയഭക്തകൃത്യങ്ങൾക്കും ആവശ്യമായവ ചെയ്യാൻ രൂപതയുടെ മെത്രാനെ പ്രത്യേകമായി രേഖയിൽ ഓർമ്മിപ്പിക്കുന്നുമുണ്ട്.

ദർശനം ലഭിച്ച മർസെല്ലിനായും ആഫ്രയും തുടർന്ന് ജീവിതത്തിൽ പാലിച്ച ലാളിത്യവും നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളും അതുവഴിയായി പരിശുദ്ധ അമ്മയുടെ സ്നേഹവും ആർദ്രതയും വേദനിക്കുന്നവർക്കു സമ്മാനിക്കാവാൻ കാണിച്ച ഹൃദയവിശാലതയും ഏറെ പ്രധാനപ്പെട്ടതാണെന്നും രേഖയിൽ വത്തിക്കാൻ വെളിപ്പെടുത്തുന്നു. ഈ സ്ഥലത്ത് സംഭവിക്കുന്ന പരിവർത്തനങ്ങളിലും രോഗശാന്തികളിലും മറ്റ് വിലയേറിയ അടയാളങ്ങളിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ തെളിവുകളും വത്തിക്കാൻ അംഗീകരിക്കുന്നു.

Latest News