അവയവദാനം നടത്തുന്നവരുടെ മൃതസംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടത്തി. അവയവദാതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗത്തെ മാനിക്കുന്നതിനായാണ് ഈ നീക്കം.
“അവയവദാനത്തിൽ തമിഴ്‌നാടാണ് രാജ്യത്തെ മുൻനിര സംസ്ഥാനം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനംചെയ്യാൻ മുന്നിട്ടിറങ്ങിയ കുടുംബങ്ങളുടെ നിസ്വാർഥത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്” – സ്റ്റാലിൻ പറഞ്ഞു. അവയവദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.