Sunday, November 24, 2024

ആശ്ചര്യങ്ങൾ വിതറി പാപ്പയുടെ ‘പ്രാർഥനയുടെ വിദ്യാലയം’

റോമിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സ്വീഡനിലെ വി. ബ്രിജിറ്റിന്റെ നാമധേയത്തിലുള്ള ഇടവകയിലെ ജനങ്ങളുമായി പള്ളിക്കടുത്തുള്ള ഗാരേജിൽവച്ച് കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പ. ഗാരേജിൽവച്ചുള്ള പാപ്പയുടെ കൂടിക്കാഴ്ച ഏവരെയും ആശ്ചര്യപ്പെടുത്തിയ ഒന്നായി മാറുകയായിരുന്നു. 2025-ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള, റോമിലെ വിവിധ ഇടവകകകൾ സന്ദർശിച്ച് പാപ്പ നടത്തുന്ന ‘പ്രാർഥനയുടെ വിദ്യാലയം’ എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

ചരൽ വിരിച്ച തറയും ഇഷ്ടിക മതിലും മരങ്ങളും വള്ളിച്ചെടികളും തിങ്ങിയ ഗാരേജിൽ ഷട്ടറിട്ടുമറച്ച കാറുകൾക്കുമുന്നിൽ ഒരു കസേരയിലിരുന്നാണ് പാപ്പ ഇടവകയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. അത്ഭുതംകൂറിയ കണ്ണുകളോടെ ഏതാണ്ട് മുപ്പതോളം കുടുംബങ്ങൾ അവിടെ സന്നിഹിതരായിരുന്നു. ജൂൺ ആറാം തീയതി വൈകിട്ടാണ് റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഓട്ടാവിയയിലെ ഗാരേജിൽ കൂടിക്കാഴ്ച നടന്നത്. പുതിയതായി മാതാപിതാക്കളായവരും മുത്തശ്ശിമുത്തച്ഛന്മാരും ഇടവക യുവജനസമൂഹവും സെനഗളിൽ നിന്നുള്ള കുടിയേറ്റക്കാരായ സ്ത്രീകളും സ്ഥലത്തെ മുനിസിപ്പാലിറ്റി ചെയർമാനും സന്നിഹിതരായിരുന്നു.

അഞ്ചുമണിയോടെ എത്തിയ പാപ്പ മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് പ്രവേശിച്ചത്. ജനങ്ങളോടു സംസാരിക്കവെ, കുടുംബത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെയും സൗന്ദര്യത്തെയും സഭയ്ക്കും സമൂഹത്തിനും അതു നൽകുന്ന സാധ്യതകളെക്കുറിച്ചും ഏതാണ്ട് 45 മിനിറ്റോളം അവരുമായി ചോദ്യങ്ങളും ഉത്തരങ്ങളുമായി പരിശുദ്ധ പിതാവ് ചിലവഴിച്ചു.

കുട്ടികളെ വളർത്തിയെടുക്കാൻ അത്യാവശ്യമായ കുടുംബമെന്ന സംവിധാനത്തെ പരിരക്ഷിക്കാൻ ആവശ്യപ്പെട്ട പാപ്പ, കുടുംബത്തിലുണ്ടാകുന്ന വാക്കുതർക്കങ്ങളും ചിലപ്പോഴുണ്ടാകുന്ന വേർപിരിയലുകളുമാകുന്ന കൊടുങ്കാറ്റുകൾക്കുമപ്പുറം നിരാശരാകാതെ ദിവസം അവസാനിക്കുംമുമ്പ് സമാധാനം പുന:സ്ഥാപിക്കാൻ പരിശ്രമിക്കാനും ആവശ്യപ്പെട്ടു.

Latest News