എന്താണ് പൂഞ്ഞാറിൽ സംഭവിച്ചത്/ ക്രിസ്ത്യൻ സമൂഹത്തിന്റെ ആകുലത/ ഇടതു-വലതു രാഷ്ട്രീയക്കാരുടെ മൗനം/ ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം/ വെറും കുട്ടികളാണോ/ എന്തുകൊണ്ട് പേരുകൾ പുറത്തുവിടുന്നില്ല/ നിയമവഴിയെ പോകുമ്പോൾ സംഭവിക്കുന്നത്/ കണ്ണടയ്ക്കലല്ല നീതിയാണ് ആവശ്യം. പൗരസ്വാതന്ത്ര്യത്തിനു നേരെയുണ്ടായ വെല്ലുവിളിയും അക്രമവുമാണ് ഇത്. ഇതിനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുകതന്നെ വേണം. അതിൽ മതത്തിന്റെ നിറം ചേർക്കേണ്ടതില്ല. തുടർന്നു വായിക്കുക
എന്താണ് പൂഞ്ഞാറിൽ സംഭവിച്ചത്?
2024 ഫെബ്രുവരി 23-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിൽ ആരാധന നടക്കുന്ന സമയം പുറത്തുനിന്ന് നിരവധി ബൈക്കുകളിലും കാറുകളിലുമായെത്തിയ യുവാക്കളുടെ ഒരു സംഘം ആരാധനയ്ക്കു തടസ്സംവരുന്ന വിധത്തിൽ അഭ്യാസങ്ങൾ നടത്തി. വലിയ ശബ്ദത്തിൽ വാഹനങ്ങൾ റേസ് ചെയ്ത അവരോട്, അത് പാടില്ല പുറത്തുപോകണം എന്നുപറഞ്ഞതിന് ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനം ഇടിപ്പിച്ചു; അദ്ദേഹം താഴെവീണു. ആക്രമിച്ചവർ അവർ വന്ന വാഹനങ്ങളിൽത്തന്നെ രക്ഷപെട്ടു. ഈ അനിഷ്ഠസംഭവത്തെ തുടർന്ന് ഇടവകാംഗങ്ങളും നാട്ടുകാരും വിവിധ ക്രൈസ്തവസംഘടനകളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നു.
ക്രിസ്ത്യൻ സമൂഹത്തിന്റെ ആകുലത
പൂഞ്ഞാർ പള്ളിയിലെ ആരാധനാസമയത്ത് ഇതിനുമുമ്പും സമാനമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്താൻ പലരും എത്തിയിട്ടുണ്ട്. ആ സമയത്ത് അവരെ പുറത്താക്കിയിരുന്നെങ്കിലും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വൈദികനുനേരെ പള്ളിമുറ്റത്തു വച്ചുണ്ടായ ആക്രമണം പൂഞ്ഞാറിലെ മാത്രമല്ല, കേരളത്തിലെ തന്നെ മുഴുവൻ ക്രൈസ്തവരെയും ഞെട്ടിച്ചു. വിവിധ ക്രൈസ്തവസംഘടനകൾ സംഭവത്തിനെതിരെ പ്രകടനങ്ങൾ നടത്തുകയും വളരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ദൈവാലയത്തിലെ പ്രാർഥനകൾക്കു തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നടത്തിയ അഭ്യാസപ്രകടനങ്ങളും അതിനെ ചോദ്യംചെയ്ത അസിസ്റ്റന്റ് വികാരിക്കുനേരെ നടന്ന വധശ്രമവും, കുട്ടിക്കളിയായി മാത്രം ചിത്രീകരിക്കാനുള്ള കുട്ടികളുമായി ബന്ധപ്പെട്ടവരുടെ ശ്രമം ക്രൈസ്തവർക്കിടയിൽ ശക്തമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. മതസ്വാതന്ത്ര്യവും ആരാധനാലയങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുതരുന്ന ഭാരതത്തിന്റെ ഭരണഘടനയ്ക്കു നേരെയുള്ള അക്രമമായിത്തന്നെ ഈ സംഭവത്തെ കാണേണ്ടതുണ്ട്.
പള്ളികോമ്പൗണ്ടിൽ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തിര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ലെയ്റ്റി കൗൺസിൽ അന്നുതന്നെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാ അവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയമാണെന്നു പറഞ്ഞ സീറോമലബാർ സഭ പബ്ലിക് അഫേയേഴ്സ് കമ്മീഷൻ, സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇവ വെറും സാമൂഹികവിരുദ്ധ, ലഹരിമാഫിയ പ്രവർത്തനങ്ങൾ മാത്രമല്ലെന്നും മതസ്പർദ്ധ വളർത്തുക എന്ന ലക്ഷ്യംകൂടി ഉള്ളവയാണെന്നും സംശയിക്കപ്പെടുന്നതിനാൽ, യുവാക്കളെ ഇതിനു പ്രേരിപ്പിക്കുകയും ഇതിനു പിന്നിൽ ഗൂഢാലോചന നടത്തുകയും ചെയ്തവരെയും നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്നും സീറോമലബാർ സഭ പബ്ലിക് അഫേയേഴ്സ് കമ്മീഷൻ പ്രസ്താവനയിൽ വാദം ഉയർത്തി.
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തിൽ നടന്ന അനിഷ്ടസംഭവം കേരളസമൂഹത്തെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻസമിതിയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പ്രസ്താവിച്ചു. ആരാധനയെ തടസ്സപ്പെടുത്താൻ പാടില്ലായെന്ന് സൗമ്യമായി പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താൻ നടത്തിയ ശ്രമം ഏറ്റം കുറ്റകരമായ ഭീകരപ്രവർത്തനമായിത്തന്നെ നാം കാണേണ്ടതുണ്ട് എന്നും ഈ സംഭവം കേരളസമൂഹത്തിന് അപമാനകരമാണെന്നും ക്ലീമീസ് ബാവ കൂട്ടിച്ചേർത്തു.
പൂഞ്ഞാർ ഇടവകയിൽ നടന്ന സംഭവത്തോട് പാലാ രൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു: “പള്ളിയുടെ, പള്ളിപരിസരത്തിന്റെ, കൂട്ടായ്മയ്ക്കു വിരുദ്ധമായി വരുന്ന ഒരു കാര്യവും നമുക്കു കണ്ണടച്ചുകളയാനായി പറ്റില്ല. അവിടെ നമുക്കു മതവിദ്വഷമോ, മതസ്പർദ്ധയോ ഒന്നുമില്ല. ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ നമുക്കു ചുമതലയുണ്ട്. അതുകൊണ്ട് സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നയാമികവും ധാർമ്മികവും ആത്മീയവുമായ കാര്യങ്ങൾ ഇതിലുണ്ട്. ഇത് കേവലമൊരു വൈകാരികപ്രശ്നമായി മാത്രം കാണാൻ കഴിയുകയില്ല. അടിസ്ഥാനപരമായി, മാതാപിതാക്കൾക്കു കുഞ്ഞുങ്ങളെ തങ്ങളുടെ കൂട്ടത്തിൽ ചേർത്തുനിർത്താൻ കഴിയാതെപോകുന്നതിന്റെ പ്രതിഫലനമാണിത്. മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ നന്നായി നോക്കാൻ കഴിയാതെപോകുന്നതുകൊണ്ടാണ് അവർ ലഹരിയിലേക്കും അക്രമണപ്രവർത്തനങ്ങളിലേക്കും പോകുന്നത്. നമ്മുടെ ഏതെങ്കിലും ഒരു വിശ്വാസിക്കോ, വൈദികനോ ഏൽക്കുന്ന പരിക്ക് നമുക്കെല്ലാവർക്കും ഏൽക്കുന്ന പരിക്കാണ്. അതിനെ നിസ്സാരമായി കാണാൻ കഴിയില്ല. ചെറുതോ, വലുതോ എന്നുള്ളതല്ല, വിശ്വാസത്തിനു നേർക്കുള്ള പരിക്കാണത്. ആക്രമണം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സർക്കാരുകൾ ഉചിതമായി ഇടപെടണം.” ഇത് ഒരു സമുദായത്തിന്റെ മാത്രം കാര്യമല്ല, രാജ്യത്തിന്റെ, സംസ്കാരത്തിന്റെ പ്രശ്നമാണെന്നും പാലാ മെത്രാൻ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രതികരിച്ചു.
ഇടതു-വലതു രാഷ്ട്രീയക്കാരുടെ മൗനം
വോട്ടുബാങ്ക് രാഷ്ട്രീയപ്രീണനത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ഈ സംഭവവും. ഏതെങ്കിലുമൊരു മതത്തിന്റെ പ്രശ്നമായി മാത്രം കാണാതെ ഇതു പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു പ്രശ്നമായി കണ്ട് പ്രതികരിക്കാൻ രാഷ്ട്രീയപാർട്ടികളുടെ മുതിർന്ന നേതാക്കാൾ ഇതുവരെ തയ്യാറായിട്ടില്ല. വർഗീയസംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കാനുള്ള വിവേകം കാണിക്കുന്നതിനൊപ്പംതന്നെ, തെറ്റു ചെയ്തവരെ തിരുത്താനും ശക്തമായി പ്രതികരിക്കാനുമുള്ള ധൈര്യം ഇടതു-വലതു രാഷ്ട്രീയപാർട്ടികൾക്ക് ഇല്ലാതെപോയി. പ്രീണന നിലപാടുകളുടെ ഭാഗമായി മാത്രമേ അത്തരം പ്രവണതകളെ കാണാനാകൂ. പ്രത്യേകിച്ചും വർഗീയതയ്ക്കെതിരായി നിലപാട് എടുക്കുന്നവരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപാർട്ടികൾ പുലർത്തിയ മൗനം ശ്രദ്ധേയമാണ്.
2021 സെപ്റ്റംബർ എട്ടാം തീയതി കുറവിലങ്ങാട് പള്ളിയിൽവച്ച്, കേരളത്തിൽ വർധിച്ചുവരുന്ന ലഹരിമാഫിയകൾക്കെതിരെ പ്രതികരിച്ച പാലാ മെത്രാൻ, മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ‘നാർക്കോട്ടിക് ജീഹാദ്’ എന്ന ഒരു പദം ഉപയോഗിച്ചതിന്റെ പേരിൽ എന്തൊരു കോലാഹലമായിരുന്നു അന്ന് ഇവിടെയുണ്ടായത്. ഇടതു-വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയപാർട്ടികൾ വലിയ ശബ്ദത്തിൽ പിതാവിനെ വർഗീയവാദിയാക്കുകയും സാമൂഹികധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തത് മലയാളികൾ മറന്നിട്ടുണ്ടാവില്ല. കോൺഗ്രസ്സ് നേതാവ്, വി.ഡി. സതീശനായിരുന്നു അന്ന് ആദ്യം കല്ലറങ്ങാട്ട് പിതാവിനെതിരെ രംഗത്തെത്തിയവരിൽ പ്രമുഖൻ.
ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്യം ഉപയോഗിച്ച്, സ്വന്തം ദൈവാലയത്തിൽ ആരാധന നടത്തുകയായിരുന്ന പൗരന്റെ അവകാശത്തെയാണ് പൂഞ്ഞാറിൽ അവർ തടസ്സപ്പെടുത്തിയത്. അത് ചോദ്യംചെയ്ത വൈദികനെ കൈയേറ്റം ചെയ്യുകയും വാഹനം കൊണ്ടിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നീചമായ സംഭവം നടന്നിട്ടും അതിനെ വെറും കുട്ടിക്കളിയായി ചിത്രീകരിക്കാനോ, ബോധപൂർവ്വംവം അവഗണിക്കാനോ ആണ് രാഷ്ട്രീയപാർട്ടികൾ ശ്രമിച്ചത്.
ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം
പൂഞ്ഞാറിൽ പള്ളിയങ്കണത്തിൽ കയറി അക്രമണം നടത്തിയ ഹീനകൃത്യത്തെ അപലപിക്കാനെന്ന പേരിൽ ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന സമ്മേളനം അപഹാസ്യകരമായി പൊതുജനത്തിനു തോന്നിയതിൽ തെറ്റുപറയാനാവില്ല. ആക്രമണം നടന്ന പൂഞ്ഞാറിലെ ഇടവകയുടെ പ്രതിനിധിയോ, വികാരിയോ ആ മീറ്റിംഗിൽ ഉണ്ടായിരുന്നില്ല. അവിടെ സംസാരിച്ച ഒന്നോ, രണ്ടോ പേരൊഴിച്ച് മറ്റെല്ലാവരും സംഭവത്തെ ന്യായീകരിക്കാനും വെള്ളപൂശാനുമാണു ശ്രമിച്ചത്. പൂഞ്ഞാറിൽ നടന്ന അക്രമത്തെ പരിഹരിക്കാൻ ഈരാറ്റുപേട്ടയിൽ മീറ്റിംഗ് കൂടിയതുതന്നെ അക്രമം നടത്തിയവരെ സംരക്ഷിക്കാനുള്ള ശ്രമമായി കാണേണ്ടിവരും. സംസാരിച്ചവരൊക്കെ ഞങ്ങളുടെ കുട്ടികൾ എന്നുപറയുന്നത് ഈരാറ്റുപേട്ടയിലെ യുവാക്കളാണ് ഇതിനു പിന്നിലെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്. മതസ്പർദ്ധ ഒഴിവാക്കാനാണെന്ന വ്യാജേന സംഭവത്തെ മുക്കികളയാനുള്ള ഒരു തന്ത്രമായി ഈ മീറ്റിംഗിനെ കാണുന്നവരുണ്ട്.
അതിൽ പങ്കെടുത്ത അരുവിത്തുറ ഫൊറോനാ വികാരി ഈരാറ്റുപേട്ടയിലെ കുട്ടികൾക്കുവേണ്ടി താൻ മാപ്പു പറയാമെന്ന് പ്രസ്താവിക്കുന്നതു കണ്ടു. മറ്റൊരു ഫൊറോന പള്ളിയിൽ നടന്ന അനിഷ്ടസംഭവത്തിന് അരുവിത്തുറ വികാരി എന്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നതൊരു വലിയ ചോദ്യമാണ്. സംഭവത്തിന് കാരണക്കാരായവരുടെ ഉത്തരവാദിത്വപ്പെട്ടവർ ആരും അങ്ങനെയൊരു ഖേദം പ്രകടിപ്പിക്കാതെ ആ വേദിയിലിരിക്കുമ്പോഴായിരുന്നു ഇത്. പ്രാവുകളെപ്പോലെ നിഷ്കളങ്കരാകാൻ ശ്രമിക്കുമ്പോഴും സർപ്പങ്ങളെപ്പോലെ വിവേകികൾ ആയിരിക്കണമെന്നുള്ള പാഠം ഉത്തരവാദിത്വപ്പെട്ടവർ സൂക്ഷിക്കേണ്ടതുണ്ട്.
വെറും കുട്ടികളാണോ?
അവരെ വെറും കുട്ടികളെന്നുപറഞ്ഞ് സംഭവത്തിന്റെ ഗൗരവത്തെ കുറയ്ക്കാനുള്ള ബോധപൂർവമായ ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. വാഹനം ഓടിക്കാനുള്ള അനുവദനീയമായ പ്രായം 18 വയസ്സാണെന്നിരിക്കെ അവരെങ്ങനെ കുട്ടികളാകും? ഇനി അഥവാ കുട്ടികളാണെങ്കിൽ അവർക്കു വാഹനം കൊടുത്തവിട്ടതിന് ആദ്യം തന്നെ മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം. ഏതൊരു ആരാധനാലയ പരിസരത്തും കടന്നുകയറി അതിക്രമം കാണിക്കാമെന്ന ഒരു ധൈര്യം അവർക്കു കിട്ടിയത് എങ്ങനെയെന്നു കണ്ടെത്തേണ്ടതുണ്ട്. കുട്ടികളെ മതസ്പർദ്ധയുണ്ടാക്കുന്ന കാര്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിച്ചതാണെങ്കിൽ അവരുടെ യഥാർഥലക്ഷ്യം എന്തെന്നും തിരിച്ചറിയേണ്ടതുണ്ട്. പരസ്പരബഹുമാനമില്ലാത്ത പ്രവർത്തികൾ, കുട്ടികളായാലും മുതിർന്നവരായാലും സംസ്കാരമുള്ള ജനതയ്ക്കു ചേർന്നതല്ല. അപരനെ ബഹുമാനിക്കാത്ത കുട്ടികളും യുവാക്കളും സമൂഹത്തിന് ആപത്കരമാണ്.
എന്തും എവിടെയും കാണിക്കാമെന്നും, തങ്ങളുടെ മുതിർന്നവർ ഏത് തോന്ന്യാസത്തിനും കൂട്ടുനിൽക്കുമെന്നും തോന്നൽ ഉള്ളതുകൊണ്ടല്ലേ ആ അക്രമികൾ പൂഞ്ഞാറിലെ പള്ളിമുറ്റത്ത് ആരാധനയുടെ സമയത്തു കയറി അതിക്രമം കാണിക്കാൻ ധൈര്യപ്പെട്ടത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഘം ചേർന്നുള്ള അക്രമങ്ങൾ തീർച്ചയായും പൊതുസമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഇത് ക്രൈസ്തവദൈവാലയത്തിനു നേരെ നടന്ന ഒരു സംഭവമായി മാത്രം കാണേണ്ടതില്ല. ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും അവിടെ പുലർത്തേണ്ട മര്യാദയാണ്, മതേതര രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിലൊന്ന്. സെകുലറിസം എന്നാൽ മറ്റു മതത്തിൽപെട്ടവരെ നിന്ദിക്കുക എന്ന തരത്തിലേക്ക് എത്തുന്നത് കേരളസമൂഹത്തിന്റെ പാരമ്പര്യത്തിനും രാജ്യത്തിന്റെ സംസ്കാരത്തിനും നിരക്കുന്നതല്ല. അതുപോലെതന്നെ അവിടെ മയക്കുമരുന്നിന്റെ ഉപയോഗമോ, കൈമാറ്റമോ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതും കണ്ടുപിടിക്കേണ്ടതുമുണ്ട്.
എന്തുകൊണ്ട് പേരുകൾ പുറത്തു വിടുന്നില്ല?
27-ഓളം പേർ അറസ്റ്റിലായെന്നും അതിൽ പ്രായപൂർത്തിയാകാത്തവരുണ്ട് എന്നും വാർത്ത വന്നു. എന്നാൽ കുറ്റവാളികളിൽ ആരുടെയും പേരുകൾ പുറത്തുവിട്ടിട്ടില്ല. അത് തികച്ചും സംശയാസ്പദമായ നടപടിയാണ്. പ്രായപൂർത്തിയാകാത്തവരുടെ പേരുവിവരം പുറത്തുവിടാൻ പരിമിതികൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ പേരുകൾ എന്തുകൊണ്ട് പൊലീസ് മറച്ചുപിടിക്കുന്നു എന്നത് ഒരു ചോദ്യമാണ്.
നിയമവഴിയെ പോകുമ്പോൾ സംഭവിക്കുന്നത്
ഇപ്പോൾ പൊലീസ് ചുമത്തിയിരിക്കുന്നത് ഐ.പി.സി. 308 (മനപൂർവമല്ലാത്ത നരഹത്യാശ്രമം – ഏഴുവർഷം വരെ തടവു കിട്ടാവുന്ന കേസ്) കൂടാതെ, ഐ.പി.സി. 447 – അതിക്രമിച്ചു കടക്കൽ, ഐ.പി.സി. 324 – മനപൂർവമായി ആയുധങ്ങൾ ഉപയോഗിച്ചോ, അല്ലാതെയോ ജീവന് അപകടകരമായ രീതിയിൽ കുറ്റകൃത്യം ചെയ്യുക, ഐ.പി.സി. 34 – പൊതു ക്രിമിനൽ ഉദ്ദേശത്തോടെ കൂടിച്ചേരൽ എന്നീ വകുപ്പുകളാണെന്നാണ് മാധ്യമങ്ങളിൽനിന്നും അറിയുന്നത്.
എന്നാൽ ഇത് മനപൂർവമുള്ള കൊലപാതകശ്രമമാണെന്നു തെളിഞ്ഞാൽ ഐ.പി.സി. സെക്ഷൻ, 308 എന്നുള്ളത് 307 ആയിട്ട് മാറും. ഈ വകുപ്പുപ്രകാരം പരാതിക്കാരന് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ടങ്കിൽ ജീവപര്യന്തം തടവാണ് അതിന്റെ ശിക്ഷ.
ഇപ്പോൾ 307 വകുപ്പാണ് FIR ഇട്ടിരിക്കുക എന്നും കേൾക്കുന്നുണ്ട്. പൊലീസ് FIR പൊതുജനത്തിനു ലഭ്യമാക്കാത്തതിനാൽ അതിൽ വ്യക്തതയില്ല. മറ്റൊന്ന്, ഇതൊരു നിയമവിരുദ്ധമായ കൂട്ടംചേരലാണ്. നിയമവിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി അഞ്ചിലധികം പേർ ഒരുമിച്ചുകൂടുന്നത് IPC സെക്ഷൻ 141 അനുസരിച്ച് കുറ്റകരമാണ്. അതിന്റെ ശിക്ഷ ആറുമാസം തടവ് മാത്രമാണെങ്കിലും പള്ളിമുറ്റത്ത് കടന്നുവന്നത് നിഷ്കളങ്ക ഉദ്ദേശത്തോടെയല്ല എങ്കിൽ തീർച്ചയായും ഈ വകുപ്പും കൂട്ടിച്ചേർക്കേണ്ടതുണ്ട്. അങ്ങനെവരുമ്പോൾ കേസിന്റെ സ്വഭാവംതന്നെ മാറും.
കുറ്റകരമായ ഉദ്ദേശത്തോടെയാണ് അവിടെ എത്തിയതെങ്കിൽ പള്ളിയിലെ ആരാധനാസമയത്ത് ഉണ്ടാക്കിയ ബഹളങ്ങൾ സാമുദായികസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് IPC സെക്ഷൻ 153 എ, പ്രകാരം ശിക്ഷ അഞ്ചുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. മനപൂർവം ആരാധന തടസ്സപ്പെടുത്തുകയായിരുന്നു എന്നുവേണം കരുതാൻ; ജാമ്യമില്ലാവകുപ്പിലുള്ള കുറ്റമാണിത്.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ രണ്ടുതരത്തിലാണ് പരിഗണിക്കുക. ജുവനൈൽ ജസ്റ്റിസ് ബോർഡ് 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ എടുക്കുന്ന നടപടികൾ ലഘുവാണ്. ഗുരുതര കുറ്റകൃത്യമില്ല എന്നുകണ്ടാൽ നല്ലനടപ്പിനു വിടുകയോ, മാതാപിതാക്കൾക്ക് ഫൈൻ ഇടുകയോ, അല്ലെങ്കിൽ മൂന്നു വർഷം വരെ ബാലഭവനിൽ വിടുകയോ ചെയ്യാം. എന്നാൽ 16 വയസ്സിനു മുകളിലാണ് കുട്ടികളുടെ പ്രായമെങ്കിൽ കുട്ടികളുടെ മാനസികനില പരിശോധിച്ചാണ് ക്രമം നിശ്ചയിക്കുക. കുറ്റകൃത്യം ചെയ്യുന്ന മാനസികാവസ്ഥയെങ്കിൽ ജുവനൈൽ കോടതിക്ക് കേസ് കൈമാറും. ക്രിമിനൽ നടപടിക്രമത്തിലെ ചുരുക്കക്രമത്തിലൂടെ ശിക്ഷ തീരുമാനിക്കുക ജുവനൈൽ കോടതിയാണ്. എങ്കിലും 21 വയസ്സ് വരെ കറക്ഷൻ ഹോമിലാണ് ശിക്ഷ ഉണ്ടാവുക.
കണ്ണടയ്ക്കലല്ല; നീതിയാണ് ആവശ്യം
ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും നീതികരിക്കാനാവുകയില്ല. പൊതുവെ, ക്രൈസ്തവർ തങ്ങൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങളോട് ക്ഷമാപൂർവം പ്രതികരിക്കുകയും സമാധാനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യാറുണ്ട്. ഈ ഒരു സംഭവത്തിലും വളരെ വിവേകത്തോടെയായിരുന്നു സഭ പ്രതികരിച്ചത്. സഭയുടെ മുഖം കരുണയാണ് എന്നതിൽ ആർക്കും തർക്കമുള്ള കാര്യമല്ല. പക്ഷേ, ഇവിടെ കരുണയുടെ കാര്യമല്ല, ഇതു നീതിയുടെ പ്രശ്നമാണ്. പൗരസ്വാതന്ത്ര്യത്തിനു നേരെയുണ്ടായ വെല്ലുവിളിയും അക്രമവുമാണ് ഇത്. ഇതിനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുകതന്നെ വേണം. അതിൽ മതത്തിന്റെ നിറം ചേർക്കേണ്ടതില്ല. തെറ്റുചെയ്തവരെ കണ്ടെത്തി നിയമത്തിനുമുമ്പിൽ കൊണ്ടുവരികയും മാതൃകാപരമായി തന്നെ ശിക്ഷിക്കുകയും വേണം.
പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെങ്കിൽ അവരെ കൂടുതൽ ശ്രദ്ധിക്കുകയും ഇത്തരം നടപടികൾ ഭാവിയിൽ അവരിൽനിന്നും ഉണ്ടാകുകയില്ല എന്ന് ഉറപ്പാക്കാനാവശ്യമായ നടപടികളും ഉണ്ടാകണം. അവരെ തുടർന്നും സ്ഥിരമായി നിരീക്ഷിക്കേണ്ടതുണ്ടെങ്കിൽ അതിനും വേണ്ട കാര്യങ്ങൾ സ്വീകരിക്കണം. കുട്ടികളെ ഇത്തരം കാര്യങ്ങളിലേക്ക്ക്കു നയിച്ചവരെയും പ്രേരിപ്പിച്ചവരെയും കണ്ടെത്തി ശിക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഏതായാലും സമൂഹത്തിന്റെ നിശ്ശബ്ദതയല്ല, രാജ്യത്തിന്റെ നീതിയാണ് ആവശ്യം. ഇവിടെ സമാധാനം പുലരണമെങ്കിൽ കണ്ണടയ്ക്കലല്ല നീതിയാണ് ആവശ്യം.
റോണി കെ. ഫ്രാൻസിസ്
ലീഗല്‍ അഡ്വൈസ്: അഡ്വ. മനു ജെ. വരാപ്പള്ളി