Monday, November 25, 2024

നാഗോർണോ – കറാബാക്കിലെ ക്രിസ്ത്യാനികളുടെ അവസ്ഥയിൽ ആശങ്കയറിയിച്ച് മാർപാപ്പ

അസർബൈജാൻ പ്രദേശത്ത് സ്ഥിതിചെയ്യുന്നതും പ്രധാനമായും അർമേനിയൻ വംശജരായ ക്രിസ്ത്യാനികൾ താമസിക്കുന്നതുമായ നഗോർണോ – കറാബാക്ക് മേഖലയിൽ അഴിച്ചുവിട്ട പ്രതിസന്ധിയെക്കുറിച്ചുള്ള തന്റെ ആശങ്ക ആവർത്തിച്ച് ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷമാണ് പാപ്പാ തന്റെ ആശങ്ക ഒരിക്കൽക്കൂടെ ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയത്.

“നഗോർണോ – കറാബാക്കിലെ പ്രതിസന്ധിയെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠ കുറയുന്നില്ല. അതുപോലെതന്നെ, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മാനുഷികസാഹചര്യത്തെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയും കുറയുന്നില്ല; അത് ഗുരുതരമാണ്” – പാപ്പാ വെളിപ്പെടുത്തി.

ഈ പ്രദേശത്തെ ആശ്രമങ്ങളുടെയും ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി മാർപാപ്പ പ്രത്യേക അഭ്യർഥന നടത്തി. “അവ പ്രാദേശികസംസ്കാരത്തിന്റെ ഭാഗമായി ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവ വിശ്വാസത്തിന്റെ പ്രകടനവും സാഹോദര്യത്തിന്റെ അടയാളവുമാണ്. വ്യത്യാസങ്ങളിൽ ഒരുമിച്ചുജീവിക്കാൻ അവ നമ്മെ പ്രേരിപ്പിക്കും” – പാപ്പാ പറഞ്ഞു.

അസർബൈജാന്റെ ആക്രമണത്തെ തുടർന്ന് അഭയംതേടി കഴിഞ്ഞ ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം ആളുകൾ അർമേനിയൻ അതിർത്തിയിലേക്ക് പലായനം ചെയ്തിരുന്നു. സെപ്തംബർ 16 -ന് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് 68 അഭയാർഥികളുടെ ജീവൻ അപഹരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഒന്നിനു നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ നാഗോർണോ – കറാബാക്കിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ പ്രത്യേക ആശങ്ക അറിയിച്ചിരുന്നു.

Latest News