വിശുദ്ധനാട്ടിലും ലോകത്തിലെ മറ്റു പലയിടങ്ങളിലും യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള അഭ്യർഥന പുതുക്കി ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയിലാണ് സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി പാപ്പ പ്രാർഥിച്ചത്.
പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കുവേണ്ടി, പ്രത്യേകമായും കുഞ്ഞുങ്ങൾക്കുവേണ്ടി താൻ നിരന്തരം പ്രാർഥിക്കുന്നുവെന്ന് പാപ്പ എടുത്തുപറഞ്ഞു. “മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, മറ്റു രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന സന്ദേഹം ഉയർത്തുന്നുണ്ട്. യുദ്ധം എന്നത് എല്ലായ്‌പ്പോഴും ഒരു പരാജയം തന്നെയാണ് എന്ന് എല്ലാവരും മനസിലാക്കണം. ആക്രമണങ്ങളും കൊലപാതകങ്ങളും ഒരു കാരണവശാലും ഒന്നിനും പരിഹാരമാർഗമല്ല” – പാപ്പ ചൂണ്ടിക്കാട്ടി.
യുദ്ധവും സംഘർഷങ്ങളും നടമാടുന്ന രാജ്യങ്ങളെ അനുസ്മരിച്ച പാപ്പ, എല്ലാ കക്ഷികളോടും സത്യം അന്വേഷിക്കാനും മിതത്വം പാലിക്കാനും അക്രമം ഒഴിവാക്കാനും അഭ്യർഥിച്ചു. തർക്കങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാനും പക്ഷപാതപരമായ താല്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട് ജനങ്ങളുടെ പൊതുവായ നന്മ ലക്ഷ്യംവയ്ക്കാനും പാപ്പ ലോകത്തോട് ആവശ്യപ്പെട്ടു.