Wednesday, April 2, 2025

ജലം കൊണ്ടു മുറിവേറ്റവരുടെ സംരക്ഷകർ  

“ഒരു ചെറിയ ബക്കറ്റിൽ വെള്ളം കാണുമ്പോൾപ്പോലും എനിക്കിപ്പോൾ ഭയമാണ്. കുഞ്ഞിനെ കുളിപ്പിക്കാൻ വെള്ളമെടുക്കാൻപോലും പേടിയാണ്.” കടലുപോലെ മലവെള്ളം കണ്മുന്നിലേക്ക് ഇരച്ചുവരുന്ന ഉരുൾപൊട്ടൽ ദുരന്തം നേരിൽക്കണ്ട മുണ്ടക്കൈ സ്വദേശിനിയും അധ്യാപികയുമായ നജ്മ ടീച്ചറിന്റെ വാക്കുകളാണിത്. തുടർന്നു വായിക്കുക.

മുണ്ടക്കൈയുടെ മടിത്തട്ടിൽ ഇപ്പോഴും മരണത്തിന്റെ താണ്ഡവമാണ്. മരണം 280 കടന്നു. മൂന്നാം ദിനവും തിരച്ചിൽ ആരംഭിക്കുമ്പോൾ കണ്ടെത്താൻ മരണസംഖ്യയുടെ അത്രത്തോളംതന്നെ മനുഷ്യജീവനുകൾ ബാക്കിനിൽക്കുന്നു.

പ്രതികൂല കാലാവസ്ഥയിലും മറ്റൊരു ഉരുൾപൊട്ടൽസാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും അടുത്തുള്ളവരെപ്പോലും കാണാൻ സാധിക്കാത്ത കോടമഞ്ഞിലും കോരിച്ചൊരിയുന്ന മഴയിലും എല്ലുകൾക്കിടയിലേക്കുപോലും തുളച്ചുകയറുന്ന തണുപ്പിലും പൂണ്ടുകിടക്കുന്ന ചെളിയിൽ കാലു പുതഞ്ഞുപോകുമ്പോഴും ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ടവരാണെന്നുകരുതി ആയിരത്തി അഞ്ഞൂറോളം പേർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കേരളം കണ്ടത് സമാനതകളില്ലാത്ത മറ്റൊരു സഹജീവിസ്നേഹമായിരുന്നു.

മരണത്തിന്റെ ഗന്ധമുള്ള ആശുപത്രി വരാന്തകളും പരിക്കിന്റെ നോവുള്ള ജനറൽ വാർഡുകളും ഇനിയും സ്വന്തമെന്നു പറയാൻപോലും ആരും അവശേഷിച്ചിട്ടില്ലെന്നു മനസിലാക്കി പരിചയംപോലുമില്ലാത്ത ഒരാളെ കൂട്ടിരിപ്പിനായി കിട്ടിയപ്പോൾ സ്വന്തമെന്നപോലെ അവരോട് ഹൃദയവേദന പങ്കുവയ്ക്കുകയും ചെയ്യുന്നവരുമെല്ലാം നമ്മുടെയെല്ലാം ഉള്ളുപൊള്ളിക്കുകയാണ്. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ പള്ളിയിലും മസ്‌ജിദുകളിലും പൊതുശ്‌മശാനങ്ങളിലുമെല്ലാം ബന്ധുക്കളുടെ നിലവിളികളുടെ അകമ്പടിയോടെയും ആരോരുമില്ലാതെയും സംസ്കരിക്കുന്ന കരളെരിയിക്കുന്ന കാഴ്ച്ചകൾ ഏതൊരാളെയും കണ്ണീരണിയിക്കും.

ഉരുൾ പൊട്ടിയതിന്റെ ഏറ്റവും അടുത്തുള്ള പുഞ്ചിരിമട്ടത്തെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ നാളേക്കുവേണ്ടി ശേഷിക്കുന്ന എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുന്ന ഒരു അപ്പനോടും മകനോടും ഒരാൾ ചോദിക്കുകയാണ്:

“നിന്റെ ഭാര്യ പോയി അല്ലേ? എന്റെ ഭാര്യയും പോയടാ; കൊച്ചുമക്കളും എല്ലാം പോയി. അപ്പുറത്തെ വീട്ടിലെ ഇന്നയാള് പോയി, മക്കള് പോയി, അവരുടെ മാതാപിതാക്കൾ പോയി.”

ഇതെല്ലാം കേട്ടുകൊണ്ടാണ് രക്ഷാപ്രവർത്തകർ പ്രാണൻ വേർപെട്ടുപോയ ശരീരങ്ങൾക്കുവേണ്ടി മണ്ണിടയിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ ഒരുമിച്ചു തള്ളിയിട്ടുപോലും അനക്കമില്ലാത്ത പാറക്കൂട്ടങ്ങളാണ്‌ ഒഴുകിവന്നിരിക്കുന്നത്. നൂറുകണക്കിന് കല്ലുകളെ ഒഴുക്കിക്കൊണ്ടുവരാനുംമാത്രം ശക്തിയുള്ള മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. മനോഹരമായ ഒരു താഴ്വര ഇന്ന് മരണത്താഴ്വരയായി മാറിയ കാഴ്ച കണ്ടാൽ ഉള്ളുലഞ്ഞുപോകും. കുറച്ചു മിനിറ്റുകൾ മാത്രംകൊണ്ട് പുഞ്ചിരിമട്ടം എന്നയിടം കണ്ണീർമട്ടമായിമാറി.

“എന്റെ എല്ലാരും പോയി, ഇനിയിപ്പോൾ ഞാൻ മാത്രമെന്തിനാ ഇങ്ങനെ?” എന്ന്, കുടുംബത്തിലെ മറ്റെല്ലാവരെയും നഷ്ടപ്പെട്ട യുവാവ് ചങ്കുപൊട്ടി കരയുമ്പോൾ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് കേട്ടുനിൽക്കുന്നവർക്കുപോലും അറിയാതെ കുഴങ്ങുന്നു. പോകാനിടമില്ല, പ്രിയപ്പെട്ടവർ ആരുമില്ല. ഒരു സ്നേഹാന്വേഷണത്തിനുപോലും ആരുമില്ലാതെ, ആരോരുമില്ലാതെ ശേഷിക്കുന്നകാലം തള്ളിനീക്കാൻ വിധിക്കപ്പെട്ട അനേകം ആളുകൾ ദുരന്തമുഖത്തിന്റെ നേർക്കാഴ്ചയാണ്. ഇവരെല്ലാം നേരിടുന്ന വലിയൊരു മാനസികാഘാതമുണ്ട്. അതിൽനിന്നു കരകയറാൻ എടുക്കേണ്ട പരിശ്രമം മറ്റൊരു രക്ഷാപ്രവർത്തനം പോലെതന്നെയാണ്.

“ഒരു ചെറിയ ബക്കറ്റിൽ വെള്ളം കാണുമ്പോൾപോലും എനിക്കിപ്പോൾ ഭയമാണ്. കുഞ്ഞിനെ കുളിപ്പിക്കാൻ വെള്ളമെടുക്കാൻപോലും പേടിയാണ്.” കടലുപോലെ മലവെള്ളം കണ്മുന്നിലേക്ക് ഇരച്ചുവരുന്ന ഉരുൾപൊട്ടൽ ദുരന്തം നേരിൽക്കണ്ട മുണ്ടക്കൈ സ്വദേശിനിയും അധ്യാപികയുമായ നജ്മ ടീച്ചറിന്റെ വാക്കുകളാണിത്. തലനാരിഴയ്ക്ക് രക്ഷപെട്ട, ജീവൻമാത്രം ബാക്കിയായ സർവതും നഷ്ടപ്പെട്ട ഇവർ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തിൽ സംഭവിച്ച ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളുടെ പ്രതിനിധിയാണ്. ദുരന്തം ഒരുപാട് ജീവനുകളെ തിരികെത്തന്നെങ്കിലും അവരുടെ മനസിനേറ്റ മുറിവുകളെ ഉണക്കാൻ അത്ര പെട്ടന്നൊന്നും സാധിക്കില്ലെന്ന് ഇവരുടെ ഈ വാക്കിൽനിന്നുതന്നെ വ്യക്തമാണ്. മരിച്ച മനസെന്നോ, മരവിച്ച മനസെന്നോ ഒക്കെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. തിരികെക്കിട്ടിയ ജീവനുകൾക്ക് ഇനി ജീവിതത്തിലേക്കു  തിരികെവരാൻ താണ്ടേണ്ടത്, ഉരുളുപൊട്ടിയ മലയോളമാണ്. രക്ഷപെട്ട എല്ലാവർക്കും മാനസികാരോഗ്യവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുകയാണ് ഇനി വേണ്ടത്.

ഇതിനുമപ്പുറത്തുള്ള ചില നന്മയുള്ള നേർക്കാഴ്ച കേരളത്തിന്റെ ഹൃദയത്തോട് ചേർത്തുനിർത്തപ്പെടേണ്ടതാണ്. ദുരന്തമൊന്നുമില്ലാതിരിക്കുന്ന കാലത്തുപോലും തുള്ളിക്കൊരുകുടം പോലെയാണ് കടുത്ത വേനലിലും ഈ പ്രദേശത്ത് മഴ പെയ്തിരുന്നത്. മഴയും കോടയും എല്ലാം ജീവിതത്തിന്റെ ഭാഗമായതിനാൽ അതൊരു ശല്യമായിക്കാണാതെ, ശീലമായിക്കണ്ട പാവപ്പെട്ട മനുഷ്യർ പിറന്ന നാടിനെ തങ്ങളോട് ചേർത്തുവച്ചപ്പോൾ തങ്ങളുടെ ജീവിതത്തിന്റെ ഒടുക്കം ഇത്ര ഭീകരമായിരിക്കുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ല.

ചെളിപുതഞ്ഞുകിടക്കുന്ന മണ്ണിൽ ജീവനുകൾ ഇനിയും അവശേഷിക്കുന്നുണ്ടെന്ന്  ഉറപ്പുള്ളതിനാൽ ഒരാളെപ്പോലും മണ്ണിൽ അവശേഷിപ്പിക്കാതെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണിക്കാൻവേണ്ടിമാത്രം കുടിവെള്ളം പോലുമില്ലാതെ മണിക്കൂറുകളോളം തിരച്ചിലിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തകരെ ആദരവോടെ നോക്കിക്കാണുന്നു.

“കല്ലുകൾ മാറ്റുമ്പോഴും മണ്ണിൽ ചവിട്ടുമ്പോഴും മണ്ണുമാന്തികൊണ്ട് തിരയുമ്പോഴുമെല്ലാം ഞങ്ങൾക്കു ഭയമാണ്. കാലെടുത്തുവയ്ക്കുന്നതും മണ്ണുമാന്തിയന്ത്രം പോയി കൊള്ളുന്നതുമെല്ലാം ജീവനറ്റ ശരീരത്തിലേക്കാണോ എന്ന ഭയം” – ഒരു രക്ഷാപ്രവർത്തകൻ ഹൃദയം തുറന്നു.

ഇതിനിടയിൽ അനാഥമാക്കപ്പെട്ട നിരവധി വളർത്തുമൃഗങ്ങളെയും ഇവർ പരിഗണനയോടെ കാക്കുന്ന കാഴ്ച ഹൃദയങ്ങളെ ആനന്ദിപ്പിക്കുന്നു. വളരെ കുറച്ചു വെള്ളമേ കുടിക്കാനായി ആ മലമുകളിൽ എത്തിക്കാൻ സാധിച്ചിട്ടുള്ളെങ്കിലും ആ വെള്ളത്തിലെ ഒരു പങ്കുപയോഗിച്ച് ചെളിയിൽ പുതഞ്ഞുകിടന്ന പൂച്ചക്കുട്ടിയെ അങ്ങ് മലമുകളിൽ വച്ചുതന്നെ രക്ഷാപ്രവർത്തകൾ കുളിപ്പിച്ചെടുത്തു. പിന്നീട്, അതിനെ പതിനാറു കിലോമീറ്ററുകളോളം തോളത്തുവച്ച് പാറക്കെട്ടുകളും മരക്കുറ്റികളും ചവിട്ടിയാൽ താഴ്ന്നുപോകുന്ന ചെളിയുമെല്ലാം താണ്ടി താഴെയെത്തിക്കാൻ കാണിച്ച അവരുടെ മനസിനെയാണ് സന്മനസ് എന്നുവിളിക്കേണ്ടത്. ഉടമസ്ഥനില്ലാതെ അലഞ്ഞുനടന്ന, എല്ലാ ദിവസവും പാൽ കറന്നുകൊണ്ടിരിക്കുന്ന പശുവിന്റെ അകിടിൽ പാൽ കെട്ടിക്കിടന്നതിന്റെ ബുദ്ധിമുട്ടുകൾ അകിടിൽ വ്യകതമായി കണ്ട്, അത് കറന്നുകളഞ്ഞ രക്ഷാപ്രവർത്തകരും പരിഗണയുടെ പാഠം നമ്മെ പഠിപ്പിക്കുന്നു.

എങ്കിലും വീടിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ, കൂടം കൊണ്ടടിച്ചു പൊട്ടിച്ചും ഒരുപാടാളുകൾ ചേർന്ന് വടംകൊണ്ട് ആഞ്ഞുവലിച്ചും, ജീവനുണ്ടാകില്ലെന്ന് ഉറപ്പിച്ചിട്ടും ഇന്നലെവരെ ഇവിടെ സജീവമായിരുന്ന ആളുകളാണെന്നുപറഞ്ഞ് ചേറിൽപ്പുതഞ്ഞ ശരീരങ്ങളെ പുറത്തെടുക്കുമ്പോൾ ഡിസാസ്റ്റർ മാനേജ്മെന്റിൽ എത്ര വലിയ ട്രെയിനിങ് കിട്ടിയവരുടെ ഹൃദയംപോലും ഒന്നു പിടയ്ക്കും. കൈയിൽ കിടക്കുന്നവരും മനുഷ്യരാണ്; തങ്ങളെപ്പോലെതന്നെ. മനുഷ്യനും അവന്റെ കഴിവുകളും നിർമ്മിതികളും പ്രകൃതിയ്ക്കുമുൻപിൽ എത്ര നിസാരമാണെന്നു തെളിവായ കാഴ്ചകൾ. എങ്കിലും നന്മയുള്ള അനേകം ഹൃദയങ്ങൾ ഒന്നുചേർന്നപ്പോൾ അവരെല്ലാം ചിറകില്ലാത്ത മാലാഖാമാരായി.

ഒറ്റപ്പെട്ടുപോയ ഒരു കുഞ്ഞിനെ രക്ഷിച്ചുകൊണ്ടു വരുന്നതിനിടയിൽ നെഞ്ചോട് ചേർത്തുവച്ച് കുഞ്ഞുകവിളിൽ ഒരു മുത്തം കൊടുത്ത സൈനികനും, ദുരന്തമുഖത്തു വച്ചുതന്നെ സ്വന്തം മകനെപ്പോലെ ഒരു കുഞ്ഞാണെന്നുമാത്രം അറിഞ്ഞുകൊണ്ട് എടുത്തുപിടിച്ച് ഒരപ്പനെപ്പോലെ ചേർത്തുനിർത്തി കരുതുന്ന സഹോദരനും ഒരമ്മയെപ്പോലെ ആ കുഞ്ഞിന് അത്താഴം വാരിക്കൊടുക്കുന്ന മറ്റൊരു സഹോദരനുമെല്ലാം കണ്ടുനിൽക്കുന്നവരുടെ ഹൃദയത്തെപ്പോലും കളങ്കമില്ലാതാക്കുന്നു. ആ കുഞ്ഞ് ഒരപ്പന്റെ കരുതലും അമ്മയുടെ വാത്സല്യവും അനുഭവിക്കുന്ന അവന്റെ അവസാനത്തെ നിമിഷം അതാകാതിരിക്കാൻ നമുക്ക് ആഗ്രഹിക്കാം.

നിലമ്പൂരുനിന്ന് മൃതദേഹവുമായി ആംബുലൻസുകൾ വരുന്ന തമിഴ്‌നാട്ടിലെ പന്തല്ലൂരിൽനിന്നും ലഭിക്കുന്ന മറ്റൊരു കാഴ്ച പങ്കുവയ്ക്കാതിരിക്കാനാകില്ല. തങ്ങൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ആളുകൾക്ക് ആദരാഞ്ജലിയർപ്പിക്കാൻവേണ്ടി കൈക്കുമ്പിളിൽ പൂക്കളുമായി പന്തല്ലൂർ ടൗണിലെ റോഡരുകിൽ നിരനിരയായി ആളുകൾ നിൽക്കുകയും വാഹനം കടന്നുപോകുമ്പോൾ പൂക്കൾ വാരിവിതറി, അവസാനമായി യാത്രയാക്കുന്ന നിമിഷങ്ങൾ. മരണമടഞ്ഞവരൊന്നും ഈ മനുഷ്യരുടെ ആരുമല്ല. ഒരിക്കൽപ്പോലും സംസാരിച്ചിട്ടില്ല, കണ്ടിട്ടുപോലുമില്ല. എങ്കിലും മനുഷ്യർ എന്ന ഒരൊറ്റ ബന്ധംമതി ഈ പ്രവർത്തിയുടെ മഹത്വം മനസിലാക്കാൻ.

ആശുപത്രികളിൽ ദിവസങ്ങളായി വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആതുരശുശ്രൂഷകർ, ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന സന്നദ്ധപ്രവർത്തകർ, വിവിധ നാടുകളിൽ നിന്നെത്തിക്കുന്ന അവശ്യവസ്തുക്കളും ഭക്ഷണവും വസ്ത്രങ്ങളും, ദുരന്തമുഖത്തേക്ക് ആവശ്യമായ വാഹനങ്ങൾ സൗജന്യമായി ഓടാൻ തയ്യാറായവർ, ഷോപ്പിലെ വസ്ത്രങ്ങൾ നൽകാൻ തയ്യാറായ കടയുടമകൾ, അങ്ങനെയങ്ങനെ എല്ലാവരും ഒരുമിച്ചു കൈകോർത്തുനിൽക്കുമ്പോൾ അനാഥമാക്കപ്പെട്ട ഒരു നാടിനും അവിടുത്തെ ശേഷിക്കുന്ന പാവപ്പെട്ട ജനതയ്ക്കും പ്രതീക്ഷയും ആശ്വാസവുമായി മാറുകയാണ്. മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ഒരുപിടി മനുഷ്യബന്ധങ്ങളെ പുതിയ ചില സ്നേഹത്തിന്റെ കണ്ണികളാൽ ഇവിടെ ബന്ധിക്കുകയാണ്.

ദുരന്തമുഖത്ത് അഹോരാത്രം പ്രയത്നിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളുടെ നന്മയും സ്നേഹവും ഞങ്ങൾ കാണുന്നു. നിങ്ങളോരോരുത്തരും ആദരിക്കപ്പെടേണ്ടവരാണ്. ഈ നാട് നിങ്ങളെ നമിക്കുന്നു. നിങ്ങളുടെ ഒരോരുത്തരുടെയും പേര് ഞങ്ങൾക്കറിയില്ലാതായിരിക്കും. മുഖം ഞങ്ങൾക്ക് ഓർമ്മിച്ചെടുക്കാൻ സാധിക്കില്ലായിരിക്കും. എങ്കിലും ഞങ്ങളുടെ മുൻപിൽ നിങ്ങൾക്കെല്ലാം ഒരേ മുഖമാണ്; ദൈവത്തിന്റെ മുഖം. നിങ്ങളോരോരുത്തർക്കും എഡിറ്റ് കേരളയുടെ പ്രാർഥനയും ആദരവും നന്ദിയും!

സുനിഷ വി. എഫ്.

Latest News