അടുത്ത ശബരിമല തീർഥാടനകാലത്ത് അരവണയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അരവണയും അപ്പവും തയ്യാറാക്കാൻ, ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലേലമാണ് ഇപ്പോൾ ദേവസ്വം ബോർഡ് പൂർത്തിയായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ശർക്കരക്ഷാമം അരവണവില്പനയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ ഒരുക്കം തുടങ്ങിയത്.
ശബരിമല പ്രസാദം തയ്യാറാക്കാൻ ആവശ്യമായ 19 സാധനങ്ങളുടെ ടെൻഡർ നടപടികൾ ഏപ്രിലിൽ ആരംഭിച്ചിരുന്നു. ഇതിൽ ശർക്കര ഉൾപ്പെടെ 16 ഇനങ്ങളുടെ ലേലം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഈ വർഷം വനംവികസന കോർപ്പറേഷനിൽനിന്ന് ഏലയ്ക്ക സംഭരിക്കാനാണ് തീരുമാനം. സാമ്പത്തികനഷ്ടവും വിവാദങ്ങളും ഒഴിവാക്കാനാണ് ഇപ്രകാരമൊരു തീരുമാനത്തിലെത്തിയത്.
മഹാരാഷ്ട്രയിലെ ഏജൻസിയാണ് ഈ വർഷം ശർക്കര കരാർ ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിലുണ്ടായ ശർക്കരക്ഷാമം മൂലം ഏജൻസികൾ കരാറിൽപ്പറഞ്ഞതിനെക്കാൾ കൂടുതൽ പണം ആവശ്യപ്പെടുകയും അതിന്റെ വിതരണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അരവണ ഉണ്ടാക്കുന്നതിൽ വൻപ്രതിസന്ധി നേരിട്ടിരുന്നു.