സൂയസ്സ് കനാലില്‍ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചതായി ഈജിപ്ത് അധികൃതർ അറിയിച്ചു. എണ്ണയും പ്രകൃതിവാതകവും കയറ്റിവരികയായിരുന്ന കപ്പലുകളാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
മെഡിറ്ററേനിയൻ കടലിൽനിന്ന് ചെങ്കടലിലേക്കു പോകുന്ന വ്യൂഹത്തിൽപെട്ട എണ്ണടാങ്കറുകളായിരുന്നു അപകടത്തില്‍പെട്ടത്. സിംഗപ്പൂർ പതാകയേന്തിയ ബി.ഡബ്ല്യൂ. ലെസ്മെസ് എന്ന പ്രകൃതിവാതക ടാങ്കര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബി.ഡബ്ല്യൂ. ലെസ്മെസ് കടലില്‍ കുടുങ്ങി. പിന്നാലെയെത്തിയ, കേമാൻ ഐലൻഡ് പതാകയേന്തിയ ബുരി എന്ന കപ്പല്‍ കുടുങ്ങിക്കിടന്ന കപ്പലിൽ ഇടിക്കുകയായിരുന്നു.
അതേസമയം, അപകടത്തെ തുടര്‍ന്ന് കനാലില്ക്കൂടിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടു. ലോകത്തെ ചരക്കുഗതാഗതത്തിൽ 10 ശതമാനത്തോളവും സൂയസ് കനാലിലൂടെയായതിനാല് കനാലിലെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നതും ഈ കനാലാണ്.