ഒരുകാലത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി സംസാരിച്ചിരുന്ന സുറിയാനി ഭാഷയ്ക്ക് കേരളത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വളരെ വലിയ പ്രാധാന്യവും സ്വാധീനവുമുണ്ട്. സുഘടിതമായ ഈ ഭാഷ കേരളത്തിലെ ഒരു വലിയ ക്രിസ്ത്യൻസമൂഹത്തിന്റെ അടിത്തറയാണ്. ഈ പ്രാചീനഭാഷയിൽനിന്നാണ് മലയാളത്തിലെ നിരവധി പദങ്ങൾ ഉരുത്തിരിഞ്ഞത്. സുറിയാനിഭാഷ നശിച്ചാൽ ഇല്ലാതാകുന്നത് ക്രൈസ്തവരുടെ ചരിത്രവും അവരുടെ പൈതൃകത്തിന്റെ ജീവിതവ്യവഹാരവുമാണ്. ഇക്കാരണത്താൽ സുറിയാനി ഭാഷാപഠനം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പിനോട് അത്മായഫോറം അഭ്യർഥിക്കുന്നു.
കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്. സി. ഇ. ആർ. ടി.). ഈ സ്ഥാപനം സുറിയാനിപഠനത്തിന് മറ്റു വിദേശ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകൾ സുറിയാനി പഠിക്കാനായി മുമ്പോട്ടുവരും. ഇപ്പോൾ കേരളത്തിലെ ഏതാനും കോളേജുകൾ മാത്രമാണ് വിദ്യാർഥികൾക്ക് ക്രൈസ്തവ ആരാധനാക്രമഭാഷയായ ‘സിറിയക്’ അഥവാ ‘സുറിയാനി രണ്ടാം ഭാഷയായി പഠിക്കാൻ അവസരം നൽകുന്നത്. സംസ്ഥാനത്തെ ചുരുക്കം ചില സ്‌കൂളുകളിലും സീനിയർ സെക്കൻഡറിതലം മുതൽ രണ്ടാം ഭാഷയായി ഇപ്പോഴും സുറിയാനി പഠിപ്പിക്കുന്നുണ്ട്. 3000 വർഷം പഴക്കമുള്ളതാണ് സുറിയാനിഭാഷ.
നമ്മുടെ ഇപ്പോഴത്തെ മാതൃഭാഷയായ മലയാളം വളര്‍ന്നുവികസിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ്. സുറിയാനിയാകട്ടെ ഒന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ പ്രചാരത്തിലിരുന്ന ഭാഷയാണ്. ഒരു ക്രൈസ്തവ ആരാധനാക്രമഭാഷ എന്നതിലുപരി, സമ്പന്നമായ സാഹിത്യവും ശരിയായ ഘടനയുമുള്ളതിനാൽ സുറിയാനിയെ അക്കാദമിക് മേഖലകളിലും ഉൾപ്പെടുത്താവുന്ന ഒരു ഭാഷയായി കണക്കാക്കാം. ഒരു സമ്പൂർണ്ണ സിലബസ് ഉപയോഗിച്ച് ഭാഷയെ പൂർണ്ണമായ രീതിയിൽ പഠിപ്പിക്കാൻകഴിയും. അതിനുവേണ്ടിയുള്ള നിർദിഷ്ടപാഠങ്ങളും നന്നായി തയ്യാറാക്കിയ സിലബസും ഉണ്ട്.
സുറിയാനി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സർക്കാർതലത്തിൽ ഏകോപിപ്പിക്കണം. കേരളാ വിദ്യാഭ്യാസവകുപ്പ് മുൻകൈയെടുത്ത് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്കൂളുകളിലും കോളജുകളിലും സിറിയക് രണ്ടാം ഭാഷയാക്കാനും കോളേജുകളിലും സ്കൂളുകളിലും ലക്ചറർ/ ടീച്ചിംഗ് തസ്തികകൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ നടത്തണം.
സുറിയാനിഭാഷ അന്യംനിന്നു പോകാതിരിക്കാനുള്ള ശ്രമങ്ങൾ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അത്മായഫോറം സർക്കാരിനോട് അഭ്യർഥിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി