കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 282 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പങ്കുവയ്ക്കുന്ന ആശങ്ക. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം.
രാവിലെ മുതൽ ചാലിയാർപുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഈ തിരച്ചിലിൽ മൃദദേഹങ്ങൾ കണ്ടെത്താനും കഴിഞ്ഞു. മണ്ണിനടിയിലും ചെളിയിലും പുതഞ്ഞ ആളുകളെ തിരയാൻ കൂടുതൽ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി യന്ത്രങ്ങൾ മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. ജില്ലയിലെ 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്.
ബെയ്‌ലി പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്കു കടക്കുകയാണ്. പാലം തയ്യാറായാൽ രക്ഷാപ്രവർത്തനം കൂടുതൽ സജീവമാക്കാനും യന്ത്രങ്ങളുപയോഗിച്ച് തിരച്ചിൽ നടത്താനും കഴിയും. എന്നാൽ, പ്രദേശത്ത് മഴ തുടരുന്ന സാഹചര്യം രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.