ഇസ്രായേൽ – പാലസ്തീൻ യുദ്ധത്തിന്റെകൂടി പശ്ചാത്തലത്തിൽ, കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകത്ത് ഏറ്റവും അപകടകരമായ സ്ഥലമായി ഗാസ മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അധ്യക്ഷ കാതറിൻ റസ്സൽ ഐക്യരാഷ്ട്രസഭാ സുരക്ഷാകൗൺസിലിൽ പ്രസ്താവിച്ചതായി യൂണിസെഫ്. പ്രത്യേകം തയ്യാറാക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം യൂണിസെഫ് പുറത്തുവിട്ടത്.
കഴിഞ്ഞ 46 ദിവസങ്ങളിൽ 5300 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. ഇതനുസരിച്ച്, ഒരുദിവസം ഏതാണ്ട് 115 കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഗാസയിൽ മരണമടഞ്ഞവരിൽ 40 ശതമാനവും കുട്ടികളാണ്. അതുകൊണ്ടുതന്നെ കുട്ടികളെ സംബന്ധിച്ച് ലോകത്തിലേക്കും ഏറ്റവും അപകടകരമായ സ്ഥലമായി ഗാസ മാറി. ഏതാണ്ട് 1200 കുട്ടികളെങ്കിലും തകർന്ന കെട്ടിടങ്ങൾക്കടിയിൽപെട്ടതായി തങ്ങൾക്ക് അറിയിപ്പുകൾ ലഭിച്ചതായും യൂണിസെഫ് അധ്യക്ഷ പ്രസ്താവിച്ചു.
ഗാസ പ്രദേശത്ത് ഇത്രയും നാളുകളിലുണ്ടായ എല്ലാ സംഘർഷങ്ങളിലും മരിച്ചതിലധികം കുട്ടികൾ, കഴിഞ്ഞ നാല്പത്തിയാറു ദിവസങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2005 മുതൽ 2022 വരെയുള്ള 17 വർഷങ്ങളിൽ ഏതാണ്ട് 1653 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴുമുതൽ കഴിഞ്ഞദിവസം വരെ ഇസ്രയേലിൽനിന്നുള്ള 35 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. മുപ്പതിലധികം കുട്ടികൾ ഇപ്പോഴും ബന്ദികളായി തുടരുന്നു. വെസ്റ്റ് ബാങ്കിൽ ഏതാണ്ട് നാലരലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായുണ്ട്. ഇവിടെമാത്രം കഴിഞ്ഞ ആറാഴ്ചകളിൽ 56 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ പ്രദേശത്ത് ഏതാണ്ട് ഒന്നേമുക്കാൽ കോടിയോളം ആളുകൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും അവരിൽ പകുതിയും കുട്ടികളാണെന്നും യൂണിസെഫ് വ്യക്തമാക്കി.
ഗാസ പ്രദേശത്ത് സുരക്ഷിതമായ ഇടങ്ങളില്ലെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ്, സാധാരണക്കാരായ കൂടുതൽ ജനങ്ങൾ കൊല്ലപ്പെടാതിരിക്കാനായി സുരക്ഷിതകേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര മാനവികനിയമങ്ങൾ പാലിക്കപ്പെടണമെന്നും യൂണിസെഫ് പ്രസ്താവനയിൽ അഭ്യർഥിച്ചു.