Sunday, November 24, 2024

കുട്ടികളോട് ക്രൂരത കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെയും ഉൾപ്പെടുത്തി യു.എൻ; പ്രതിഷേധമറിയിച്ച് നെതന്യാഹു

കുട്ടികൾക്കെതിരായ ക്രൂരതകൾ കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക്  ഇസ്രായേലിനെയും ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുന്ന അവസരത്തിലാണ് യു.എന്നിന്റെ ഈ തീരുമാനം. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ ഈ തീരുമാനത്തെ എതിർത്ത് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.

ഈ തീരുമാനം ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഇസ്രയേൽ പ്രതികരിച്ചു. ഇസ്രായേൽ- ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ 13,000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഹമാസിനെയും കുട്ടികൾക്കെതിരെ ക്രൂരതകൾ കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വെർജീനിയ ഗാംബ തയ്യാറാക്കിയ ഈ പട്ടിക അടുത്ത വെള്ളിയാഴ്ച യു.എൻ രക്ഷാസമിതി ചർച്ച ചെയ്യും. ഇസ്രയേലിനെ പട്ടികയിൽപെടുത്തിയതിനെ ബെഞ്ചമിൻ നെതന്യാഹു ശക്തമായി വിമർശിച്ചു. ഈ നടപടിയിലൂടെ ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഐക്യരാഷ്ട്രസഭ സ്വീകരിച്ചിരിക്കുന്നതെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.

Latest News