Sunday, November 24, 2024

മതവികാരങ്ങളെ വ്രണപ്പെടുത്തി നിയമനടപടികൾ ക്ഷണിച്ചുവരുത്തരുത്

ക്രൈസ്തവർ ക്രിസ്തുവിന്റെ തിരുഹൃദയത്തിരുനാൾ ആഘോഷിച്ച ദിവസമായിരുന്നു ഇന്നലെ. എല്ലാം പൊറുക്കുകയും എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്ന സകലപുണ്യങ്ങളുടെയും നിറവാണ് ആ തിരുഹൃദയം. എല്ലാ ക്രൈസ്തവരെയും സ്നേഹിക്കാനും ക്ഷമിക്കാനും പ്രേരിപ്പിക്കുന്നത് ക്രിസ്തുവിന്റെ ഹൃദയമാണ്; തിരുഹൃദയമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി അസീസ് കുന്നപ്പിള്ളിയും, റെജി ലൂക്കോസുമൊക്കെ അവരുടെ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ക്രിസ്തുവിന്റെ തിരുഹൃദയചിത്രത്തെ അവഹേളിക്കുന്ന തിരക്കിലായിരുന്നു. ക്രൈസ്തവവിശ്വാസത്തെയും ചിത്രങ്ങളെയും അപമാനിച്ചാലും സഹിഷ്ണുത പുലർത്താനറിയാവുന്ന വിശ്വാസികൾ ആക്രമണവുമായി, കൈയും കാലും വെട്ടിമാറ്റാൻ വരില്ല എന്നുള്ള ഉറപ്പ് ഇവർക്കൊക്കെ ഉണ്ട്.

ഈ സഹിഷ്ണുത ക്രൈസ്തവരുടെ ബലഹീനതയല്ല, ബലം തന്നെയാണ്. എങ്കിലും പരസ്പര ആദരവിന്റെ സംസ്കൃതിയെ ബഹുമാനിക്കാത്തവർ ഈ ബഹുസ്വരതയുടെ നാട്ടിൽ വർഗീയധ്രുവീകരണത്തിന്റെയും വിദ്വേഷചിന്തകളുടെയും വിത്തുകൾ വിതയ്ക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം കുത്സിതശ്രമങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്.

മതവിശ്വാസങ്ങളെയും പ്രതിബിംബങ്ങളെയും മനഃപൂർവം അവഹേളിക്കുന്നതും അപമാനിക്കുന്നതും മതവിദ്വേഷം വളർത്തുന്നതും മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ്. ഇത്തരം അവഹേളനങ്ങൾ തുടരാനാണ് ഇനിയും ഭാവമെങ്കിൽ ശക്തമായ നിയമനടപടികളുമായി ക്രൈസ്തവസമൂഹം മുന്നോട്ടുപോകുക തന്നെ ചെയ്യും. അതിൽ ആർക്കും സംശയം ഉണ്ടാകേണ്ടതില്ല.

മേല്പറഞ്ഞവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആവശ്യത്തിന് പ്രചാരം ലഭിച്ചതിനുശേഷം പിൻവലിക്കപ്പെട്ടതായി കാണുന്നു. തങ്ങളുടെ ലക്ഷ്യം സാധിച്ചതിനുശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നുള്ളത് ന്യായീകരണമല്ല. ഇത്തരമുള്ള നീക്കങ്ങളിൽനിന്ന് ഇക്കൂട്ടർ പൂർണ്ണമായും പിൻവാങ്ങുകയാണ് ആവശ്യം. അല്ലാത്തപക്ഷം അത് നിയമനടപടികളെ ക്ഷണിച്ചുവരുത്തലായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

ദി വിജിലന്റ് കാതോലിക്ക്

Latest News