Tuesday, November 26, 2024

രണ്ടര ലക്ഷത്തോളം ജീവൻരക്ഷാ വാക്സിനുകൾ യുക്രൈനിലെത്തിച്ച് യൂണിസെഫ്

യുക്രൈനിലെ പ്രതിരോധമരുന്ന് വിതരണ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനായി ജീവൻരക്ഷയ്ക്കായുള്ള പ്രതിരോധമരുന്നിന്റെ രണ്ടുലക്ഷത്തി നാല്പത്തിനായിരത്തോളം ഡോസുകൾ യുക്രൈനിലെത്തിച്ചതായി യൂണിസെഫ് അറിയിച്ചു. രാജ്യത്തുടനീളമുള്ള കുട്ടികൾക്ക് പോളിയോ, ഡിഫ്തീരിയ തുടങ്ങിയ അപകടകരമായ രോഗങ്ങളിൽനിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ മരുന്നുകൾ എത്തിച്ചത്.

പ്രതിരോധമരുന്നുകളാൽ തടയാൻ സാധിക്കുന്ന അസുഖങ്ങളിൽനിന്ന് രക്ഷനേടാൻ കുട്ടികൾക്ക് അവകാശമുണ്ടെന്നും യുക്രൈനുനേരെയുള്ള യുദ്ധം സൃഷ്ടിക്കുന്ന കനത്ത വെല്ലുവിളികൾക്കിടയിലും പ്രതിരോധമരുന്നുകളുടെ വിതരണം ഉറപ്പാക്കേണ്ടതുണ്ടെന്നും യൂണിസെഫ് യുക്രൈൻ പ്രതിനിധി മുറാത് സാഹിൻ പറഞ്ഞു. യുക്രൈനിലെ എല്ലാ കുട്ടികൾക്കും ഈ വാക്സിൻ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയായാണ് യൂണിസെഫ് കരുതുന്നതെന്നും യൂണിസെഫ് പ്രതിനിധി വ്യക്തമാക്കി.

ജപ്പാൻ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെയാണ് കുട്ടികൾക്കായി ഈ സഹായമെത്തിക്കാൻ യൂണിസെഫിനു സാധിച്ചത്. 2022-2023 കാലയളവിലായി ഏതാണ്ട് രണ്ടുകോടി തൊണ്ണൂറുലക്ഷം വാക്സിനുകൾ യുക്രൈനിലെത്തിക്കാൻ യൂണിസെഫിനായിട്ടുണ്ട്.

Latest News