എട്ടു മാസമായി നിലയ്ക്കാതെ തുടരുന്ന യുദ്ധം ഗാസയിലെ കുട്ടികളെ മാനസികമായി വലയ്ക്കുന്നുവെന്നു വെളിപ്പെടുത്തി യൂണിസെഫ്. ഗാസയിൽ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ സഹനങ്ങളെക്കുറിച്ച് മധ്യകിഴക്കിലെയും വടക്കേ ആഫ്രിക്കയിലെയും യൂണിസെഫ് റീജിയണൽ ഡയറക്ടർ അഡെൽ ഖോദർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
“അൽ നുസെറത്ത് ക്യാമ്പിലെ സാധാരണക്കാർക്ക് അഭയം നൽകുന്ന ഒരു സ്കൂളിനുനേരെ രാത്രിയിൽ നടന്ന ഭീകരമായ ആക്രമണമുൾപ്പെടെ കഴിഞ്ഞ പത്തു ദിവസങ്ങളിൽമാത്രം റാഫയിൽ പലയിടത്തും, അഗ്നിക്കിരയായി മരിച്ച കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് കഴിഞ്ഞ പത്തുദിവസത്തെ മാത്രം കാര്യമാണ്. തുടരുന്ന അക്രമം സങ്കല്പിക്കാനാവാത്ത നാശത്തിന്റെയും കഷ്ടപ്പാടുകളുടെയും വേദനയുടെയും ഒരു പാതയാണ് അവശേഷിപ്പിച്ചിട്ടുള്ളത്. അതിനാൽത്തന്നെ ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല” – അഡെൽ ഖോദർ വ്യക്തമാക്കി.
തുടർച്ചയായ ബോംബാക്രമണംമൂലം ഗാസയിൽ കുട്ടികൾക്ക് സുരക്ഷിതമായ ഒരിടവുമില്ലെന്നത് വേദനാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമം തടയുന്നതിനും ഗാസയിലെ ഏറ്റവും ദുർബലരായ നിവാസികളെ സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടി ഉടൻ ആവശ്യമാണെന്ന് യൂണിസെഫിന്റെ പ്രസ്താവന അടിവരയിടുന്നു. അടിയന്തര നടപടി വൈകിയാൽ ലോകത്തിന്റെ കൺമുന്നിൽ കൂടുതൽ കുട്ടികൾ കൊല്ലപ്പെടുന്നതു തുടരുമെന്നും ഖോദർ മുന്നറിയിപ്പ് നൽകി.