Tuesday, November 26, 2024

പലസ്തീൻ – ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേലിന് അമേരിക്കയുടെ ആയുധസഹായം

പലസ്തീൻ – ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ അറിയിച്ചതിനുപിന്നാലെ സൈനിക കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്കയച്ച് അമേരിക്ക. വിമാനവാഹിനിക്കപ്പലും യുദ്ധവിമാനങ്ങളുമടക്കം, ഹമാസിനെതിരായ യുദ്ധത്തില്‍‍ ഇസ്രായേലിലേക്ക് അയയ്ക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനായി സൈനികസഹായം വർധിപ്പിക്കുമെന്നും യുദ്ധോപകരണങ്ങൾ നൽകുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അറിയിച്ചു.

ഫോർഡ് കാരിയറും അതിനെ പിന്തുണയ്ക്കുന്ന കപ്പലുകളും ഉൾപ്പെടുന്ന ഒരു കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ ഇസ്രായേലിനു നൽകാനാണ് യു.എസ് ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായേൽ ഗവൺമെന്റിനും രാജ്യത്തെ ജനങ്ങൾക്കും പൂർണ്ണപിന്തുണ നൽകുന്നതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഔദ്യോഗികമായി പ്രസ്താവിച്ചു. ഇസ്രായേൽ പ്രതിരോധസേനയ്ക്കായി വരുംദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഒരു ശത്രുക്കളും ഈ സാഹചര്യത്തെ മുതലെടുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വിശ്വസിക്കുന്നില്ല എന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, അമേരിക്കയുടെ നടപടി പലസ്തീനികൾക്കെതിരായ ആക്രമണമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിൽ അമേരിക്ക പങ്കാളികളാവുന്നു എന്നും ഹമാസിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു. “ഇസ്രായേൽ അധിനിവേശത്തെ പിന്തുണയ്ക്കാൻ വിമാനവാഹിനിക്കപ്പൽ നൽകുമെന്ന യു.എസിന്റെ പ്രഖ്യാപനം നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണത്തിലുള്ള യഥാർഥ പങ്കാളിത്തമാണ്” – ഹമാസ് പ്രസ്താവനയിറക്കി.

Latest News