Monday, January 20, 2025

വൈസ് ചാൻസിലർ വിവാദം: ഹൈക്കോടതി സിറ്റിംഗ് ഇന്ന്

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍മാര്‍ രാജി വയ്ക്കണമെന്ന ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍റെ നിര്‍ദേശം ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാന്‍സിലര്‍മാര്‍ ഗവര്‍ണ്ണറുടെ നിര്‍ദേശം തള്ളിയതിനെത്തുടര്‍ന്നാണ് കോടതി ഇടപെടല്‍. ഇന്ന് ദീപാവലി അവധി ദിനമാണെങ്കിലും വൈകിട്ട് പ്രത്യേക സിറ്റിംഗ് നടത്തും.

സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഈ വിധിയുടെ ചുവടു പിടിച്ചാണ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ രാജിവയ്ക്കാന്‍ രാജ്ഭവൻ അടിയന്തര നിർദേശം നൽകിയത്. തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കണമെന്നാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്ഭവന്‍ നിര്‍ദേശിച്ച സമയ പരിധി പൂര്‍ത്തിയായിട്ടും രാജിവയ്ക്കാന്‍ വൈസ് ചാന്‍സിലര്‍മാര്‍ തയ്യാറായിട്ടില്ല.

അതേസമയം ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി രംഗത്തെത്തി. പാലക്കാട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ഗവര്‍ണ്ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നെയാണ്. ആദ്യം ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണര്‍ ചിന്തിക്കണം. സർവകലാശാലയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിന്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണ്. ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗം അംഗീകരിക്കാനാവില്ല”- മുഖ്യമന്ത്രി പറഞ്ഞു.

Latest News