യുഎസ്, യുക്രൈന് ക്ലസ്റ്റർ ബോംബുകൾ കൈമാറിയതിനു പിന്നാലെ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആവശ്യത്തിനുള്ള ക്ലസ്റ്റർ ബോംബുകൾ തങ്ങളുടെ കൈയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റഷ്യ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് പുടിന്റെ പരാമർശം.
“യുക്രൈനുമായുള്ള യുദ്ധത്തിൽ ഞങ്ങള്‍ ഇതുവരെ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചിട്ടില്ല; അതിന്റെ ആവശ്യം ഉണ്ടായിട്ടുമില്ല. എന്നാല്‍ യുക്രൈൻ ക്ലസ്റ്റർ ബോംബ് പ്രയോഗിക്കുന്നപക്ഷം തിരിച്ചടിക്കാനുള്ള അവകാശം റഷ്യക്കുണ്ട്” – പുടിന് പറഞ്ഞു. യുക്രൈന് ക്ലസ്റ്റർ ബോംബുകൾ കൈമാറിയതായി യു.എസ് പ്രതിരോധ വിഭാഗം വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
അതേസമയം, യുദ്ധത്തിൽ റഷ്യയും യുക്രൈനും ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചിട്ടില്ല എന്ന് അവകാശപ്പെടുമ്പോഴും ഇരുരാജ്യങ്ങളും ഒരേപോലെ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ഒട്ടേറെ ക്ലസ്റ്റർ വളയങ്ങൾ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം യുദ്ധമേഖലകളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുബോംബുകൾ ചേർത്തുവച്ച ക്ലസ്റ്റർ ബോബ്, ആകാശത്തുവച്ച് തുറന്ന് പല ബോംബുകളായി വർഷിച്ച് കനത്തനാശം വിതറുന്ന ആയുധമാണ്. പൊട്ടാതെകിടക്കുന്ന ബോംബുകൾ യുദ്ധം അവസാനിച്ച് കാലങ്ങൾക്കുശേഷവും അപകടം വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്.