Friday, April 18, 2025

ഗാസ മുനമ്പിൽ സന്നദ്ധസേവനം തടസപ്പെടുന്നു: സേവ് ദി ചിൽഡ്രൻ

ഗാസ പ്രദേശത്തെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ തടസങ്ങൾ നേരിടുന്നുവെന്ന് ഇരുപതോളം സന്നദ്ധസേവന സംഘടനകൾ അറിയിച്ചതായി സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന. ഇസ്രയേലിന്റെ വ്യോമസേന ശക്തമായ ആക്രമണം അഴിച്ചുവിടുന്നതും അതിർത്തിപ്രദേശങ്ങളിലെ സേവനങ്ങളിലെ തടസങ്ങളും പലപ്പോഴും അതിർത്തികൾ അടച്ചിടുന്നതുമാണ് സഹായങ്ങളെത്തിക്കാൻ സാധിക്കാതെവരുന്നതിനുള്ള കാരണങ്ങളായി ഇവർ ചൂണ്ടിക്കാട്ടിയത്.

പാലസ്തീൻ – ഇസ്രായേൽ യുദ്ധം ആരംഭിച്ചിട്ട് മുന്നൂറോളം ദിവസങ്ങൾ പിന്നിടുകയാണ്. തങ്ങളുടെ വസതികളിൽനിന്ന് ഇറക്കപ്പെട്ട പാലസ്തീൻ ജനതയോട് നിരന്തരം അവരുടെ താമസസ്ഥലം മാറാൻ ഇസ്രായേൽ നിർബന്ധിക്കുകയും അതിന് ആവശ്യമുള്ള സമയം നൽകാതിരിക്കുകയും വ്യോമാക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നത് സാധാരണജനത്തിന് ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ജൂലൈ 23-ന് ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ 73 പേർ മരണമടഞ്ഞെന്നും 270 പേർക്ക് പരിക്കേറ്റെന്നും സംഘടന റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈ 13-ന് ഒരു സർക്കാരിതര സന്നദ്ധസംഘടനയുടെ രണ്ട് പാലസ്തീൻ അംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് അറിയിച്ച സേവ് ദി ചിൽഡ്രൻ, അതിർത്തിപ്രദേശങ്ങളിലെ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ വരുന്ന താമസംമൂലം മാനവികസഹായമെത്തിക്കുന്നതിന് ബുദ്ധിമുട്ടേറുകയാണെന്ന് കുറ്റപ്പെടുത്തി.

വിവിധ സന്നദ്ധസേവന സംഘടനകൾ പൊതുജനത്തിനായുള്ള അത്യാവശ്യവസ്തുക്കൾ സംഭരിച്ച് അതിർത്തിപ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ഗാസായിലേക്ക് അവ എത്തിക്കുന്നത് തടസപ്പെടുകയാണ്. ഗാസയിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന മരുന്നുകൾപോലും ഏതാണ്ട് ഒരുമാസത്തോളം അതിർത്തിയിൽ കെട്ടിക്കിടന്ന അവസ്ഥ ഉണ്ടായതായി സംഘടന ചൂണ്ടിക്കാട്ടി. ഒപ്പം ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരണമെന്നും സഹായം ആവശ്യമായ ആളുകളിലേക്ക്‌ അത് എത്തിക്കാൻ വഴിയൊരുക്കണമെന്നും സംഘടന ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളോട് ആവശ്യപ്പെട്ടു.

Latest News