‘നിനക്ക് വേദനിച്ചോടാ കുട്ടാ,’ എന്ന് സ്നേഹത്തോടെ, തന്റെ മുന്നിലെ കുഞ്ഞിനോട് ചോദിച്ചുകഴിഞ്ഞപ്പോഴാണ് സീമ സിസ്റ്റർ (പേര് യഥാർഥമല്ല) വിതുമ്പിപ്പോയത്. കാരണം, തന്റെ മുന്നിലായിരിക്കുന്നത് ഒരു കുഞ്ഞിന്റെ ജീവനറ്റ ശരീരമാണെന്നും അവന്റെ DNA പരിശോധനയ്ക്കായിട്ടാണ് താൻ പല്ലെടുക്കുന്നതെന്നും ആ സ്ത്രീഹൃദയം മനസിലാക്കുന്നത് അപ്പോഴായിരുന്നു.
ദിവസം ചെല്ലുന്തോറും മുണ്ടക്കൈയിലെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂടുകയായിരുന്നു. അണയാൻപോകുന്നതിനു മുൻപുള്ള ആളിക്കത്തൽപോലെ ഓരോ ദിനവും ഈ നാടിന്റെ സൗന്ദര്യവും നന്മയും പത്തരമാറ്റ് പൊന്നിനെക്കാൾ മികച്ചതായിമാറി. എന്നാൽ ആ നന്മയും സൗന്ദര്യവുമെല്ലാം ഒറ്റരാത്രി കൊണ്ട് കൊഴിഞ്ഞുപോയി. കുതിച്ചെത്തിയ മലവെള്ളം, മുന്നിൽക്കണ്ട സർവവും തൂത്തെടുത്തുപോയപ്പോൾ അവിടെ അവശേഷിച്ചത് നിലവിളികൾ മാത്രമായിരുന്നു. ഒരു നാടിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തച്ചുടച്ചു കടന്നുപോയ ദുരന്തത്തിൽ ബാക്കിയായവർ ഇന്ന് മരവിച്ചിരിക്കുകയാണ്. എല്ലാവർക്കും ഉണ്ടായിരുന്നതുപോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള സാധാരണ മനുഷ്യരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എങ്കിലും ഏഴുനാളുകൾക്കു മുൻപുള്ള രാത്രിയിൽ ഒരുപാട് സ്വപ്നങ്ങളുമായി ഉറങ്ങിയ അവരിൽ ഒരുപാടുപേർ പിന്നീട് ഉണർന്നില്ല. ഉണർന്നവരുടെ സ്വപ്നങ്ങളോ, ഇതുവരെയും ഉണർന്നിട്ടുമില്ല.
നഷ്ടങ്ങളുടെ വലിയ കണക്കുകളാണ് ഈ ദിനങ്ങളിലെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരിക്കലും പകരംവയ്ക്കാനാകാത്തവിധമായി മാറിയ വലിയ നഷ്ടപ്പെടലുകൾക്ക് കേരളം ഈ ദിനങ്ങളിൽ സാക്ഷിയായി. എങ്കിലും ഒരു നാടുമുഴുവൻ ഇവർക്കൊക്കെയുംവേണ്ടി വെമ്പൽകൊള്ളുകയാണ്. സർവതും ഉരുൾ കൊണ്ടുപോയെങ്കിലും ഉള്ളിലെ ഉയിരും ഉണ്മയും പതിന്മടങ്ങായി തിരികെനൽകാൻ തയ്യാറായി കാരുണ്യത്തിന്റെ ഒട്ടനവധി കൈകൾ നീളുന്നത് നാമെല്ലാം ഒന്നാണെന്ന ബോധ്യത്തിൽനിന്നുമാണ്. നിലച്ചുപോയ ഒരു നാടിന്റെ ഹൃദയത്തുടിപ്പിന്റെ ഭാഗമാകാൻ നമുക്കോരോരുത്തർക്കും സാധിക്കും. ലോകവും അതിലെ മനുഷ്യരുടെ മനസും അതിലെ നന്മയുമെല്ലാം ഒരുപാട് വിശാലമാണല്ലോ. എങ്കിലും ദുഃഖം തളംകെട്ടി നിൽക്കുന്ന ഒരു നാടിന്റെ അണയാത്ത വേദനകളുടെ കഥകൾക്ക് ഇനിയും അവസാനമില്ല.
“മോളേ, നീ ഉണ്ടല്ലേ… കാണാൻപറ്റിയതിൽ സന്തോഷം”
ഉരുൾപൊട്ടലിൽനിന്നും രക്ഷപെട്ട് ബന്ധുവീട്ടിൽ അഭയംപ്രാപിച്ച മുണ്ടക്കൈ സ്വദേശിനി ദുരിതാശ്വാസക്യാമ്പിൽ തന്റെ പ്രിയപ്പെട്ടവരെ കാണാനായി ഓടിയെത്തിയപ്പോൾ അവിടയുണ്ടായിരുന്നവർ അത്ഭുതത്തോടെ ചോദിച്ചത് ഇപ്രകാരമായിരുന്നു: “മോളേ , നീ ഉണ്ടല്ലേ… ഞങ്ങളോർത്തു മോളും പോയീന്ന്… കാണാൻ പറ്റിയതിൽ സന്തോഷം.”
ആരൊക്കെ എവിടെയൊക്കെയാണെന്ന് അറിയാതെപോയവർ, തങ്ങളുടെ ജീവിതത്തിൽനിന്നും അടർന്നുപോയവർ ജീവിച്ചിരിക്കുന്നുണ്ടോ, ഉരുള് കവർന്നെടുത്തോ, ഇനി അങ്ങനെയാണെങ്കിൽത്തന്നെ അവരുടെ ശരീരങ്ങൾ തിരികെ ലഭിച്ചോ, അവരെ തിരിച്ചറിഞ്ഞോ എന്നുപോലും അറിയാതെയാണ് ഓരോ ക്യാമ്പിലും ഓരോ ഇടങ്ങളിലും മരവിച്ച മനസോടെ അവർ ആയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഓരോ കൂടിക്കാഴ്ചയിലും ജീവനോടെയുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെയും പരിചയക്കാരെയും വീണ്ടും കാണുമ്പോൾ അത്ഭുതവും അതിലേറെ ആശ്വാസവും ഇവർക്കു തോന്നുന്നത്.
സർവതും നഷ്ടപ്പെട്ടെന്ന തിരിച്ചറിവിന്റെ ആഘാതം ഇപ്പോഴും ഈ മനുഷ്യരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു. ഇപ്പോഴും ഈ പാവം മനുഷ്യരുടെ ഉള്ളൊഴുക്കിന്റെ വേഗത ഉരുളൊഴുക്കിനെക്കാൾ വേഗതയിലാണ്. രക്ഷാപ്രവർത്തകരും ആരോഗ്യപ്രവർത്തകരും സന്നദ്ധസേവനം ചെയ്യുന്നവരുമെല്ലാം ഇന്നും ഇവിടെ വളരെയധികം തിരക്കിലാണ്. ഉള്ളിലെ നീറ്റൽ മറച്ചുവയ്ക്കുമ്പോഴും മറുഭാഗത്ത് ചങ്കുതകരുന്ന കാഴ്ചകളും സാഹചര്യങ്ങളുമാണ് ഇവർ ഓരോരുത്തരും അഭിമുഖീകരിക്കുന്നത്.
‘നിനക്ക് വേദനിച്ചോടാ കുട്ടാ,’ എന്ന് സ്നേഹത്തോടെ, തന്റെ മുന്നിലെ കുഞ്ഞിനോട് ചോദിച്ചുകഴിഞ്ഞപ്പോഴാണ് സീമ സിസ്റ്റർ (പേര് യഥാർഥമല്ല) വിതുമ്പിപ്പോയത്. കാരണം, തന്റെ മുന്നിലായിരിക്കുന്നത് ഒരു കുഞ്ഞിന്റെ ജീവനറ്റ ശരീരമാണെന്നും അവന്റെ DNA പരിശോധനയ്ക്കായിട്ടാണ് താൻ പല്ലെടുക്കുന്നതെന്നും ആ സ്ത്രീഹൃദയം മനസിലാക്കുന്നത് അപ്പോഴായിരുന്നു. തങ്ങളുടെ മുൻപിലുള്ളത് ജീവനുള്ള മനുഷ്യരാണെന്ന് ഓർത്തുകൊണ്ടാണ് ഇവരെല്ലാം തങ്ങളുടെ ജോലികൾ ചെയ്യുന്നത്. കാരണം, ഇത്രയധികം ജീവനറ്റ ശരീരങ്ങൾ തുടർച്ചയായി ഇവരുടെ ആരുടെയും കൈകളിലൂടെ മുമ്പെങ്ങും കടന്നുപോയിട്ടില്ല.
നൊമ്പരമായി അവശേഷിക്കുന്ന ആ ബസ് യാത്ര
കൽപ്പറ്റയിൽനിന്നും മുണ്ടക്കൈയിലേക്ക് കെ. എസ്. ആര്‍. ടി. സി. യാണ് പൊതുവാഹന സൗകര്യമായി ഉണ്ടായിരുന്നത്. മുണ്ടക്കൈ ടൗണിൽനിന്നും അതിരാവിലെ 6. 45-നാണ് ആദ്യയാത്ര ആരംഭിക്കുന്നത്. കല്പറ്റയിലും ജില്ലയിലെ മറ്റു വിവിധ ഭാഗങ്ങളിലും ജോലിചെയ്യുന്നവരും മറ്റു സാധാരണക്കാരുമെല്ലാം ഈ ബസിലെ യാത്രികരാണ്. സ്ഥിരം യാത്രക്കാരായവരും ഈ ബസിലെ ഡ്രൈവർമാരുമായും കണ്ടക്ടർമാരുമായും വലിയൊരു പരിചയവും അടുപ്പവും സൗഹൃദവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ഥിരം ആളുകൾ ആരെങ്കിലും അല്പമൊന്നു വൈകിയാൽ ഇവർ അവർക്കായി കുറച്ചുനേരം കാത്തുനിൽക്കാറുമുണ്ടായിരുന്നു. അവർ എത്തിയതിനുശേഷം എല്ലാവരും ഒരുമിച്ച് മനോഹരമായ കുന്നിൻചെരിവുകളിലൂടെ ഒരു യാത്ര. കോടമഞ്ഞിനെ തഴുകി മഞ്ഞുപുതഞ്ഞുകിടക്കുന്ന മലനിരകളെ കണ്ടുകൊണ്ട് ഒരു വിനോദയാത്ര പോകുന്നതുപോലെ വർഷങ്ങളായി ഇവർ യാത്ര തുടർന്നു. അവസാന ട്രിപ്പ് രാത്രി 9. 30-ന് മുണ്ടക്കൈയിലെത്തുന്നതും അങ്ങനെ തന്നെയായിരുന്നു. സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും വലിയൊരു വലയം ഈ ബസിൽ ഉൾക്കൊണ്ടിരുന്നു. എന്നാൽ ചൂരൽമലയിൽനിന്നും ആ ബസ് ഇന്ന് തിരികെവന്നു. ഓടാൻ റോഡോ, കയറാൻ ആളുകളോ ഇനി അവിടെ അവശേഷിക്കുന്നില്ലല്ലോ, എത്ര നേരം കാത്തുനിന്നാലും!
നിസഹായതയ്ക്കിടയിലും പരസ്പരം കണ്ണീർ തുടയ്ക്കുന്ന പച്ചമനുഷ്യർ
നിസഹായതയ്ക്കും അനാഥത്വത്തിനിടയിലും പരസ്പരം കണ്ണീർ തുടയ്ക്കുന്ന പച്ചമനുഷ്യർ ഇവിടെയുണ്ട്. കുടുംബത്തിലെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരിൽ ചിലരൊക്കെയും വിദേശരാജ്യങ്ങളിൽ ശേഷിക്കുന്നുണ്ട്. ഉരുൾ തിരിച്ചുതന്ന പ്രിയപ്പെട്ടവരെയും തങ്ങളിൽനിന്ന് അടർത്തിക്കൊണ്ടുപോയവരെയും ഈ ദുരന്തം എന്നന്നേക്കുമായി അനാഥമാക്കിയ ഒരുപാട് ആളുകൾ നാട്ടിലേക്ക് തിരികെയെത്തിയിട്ടുണ്ട്. അവർക്കൊക്കെയും ആശ്വാസമേകാനായി ശേഷിക്കുന്ന ആളുകൾ ശ്രദ്ധിക്കുന്നു. എല്ലാവരെയും ഒരുമിച്ചുകൂട്ടി സ്നേഹത്തോടെ അവരോടു സംസാരിക്കാനും അവരുടെ സങ്കടവും തേങ്ങലും കേൾക്കാനും ഇവിടെയുള്ളവർ എടുക്കുന്ന പരിശ്രമം നിസാരമല്ല. ആശ്വസിപ്പിക്കുന്നവർക്കും നഷ്ടങ്ങൾമാത്രമേ ഉള്ളൂ; എങ്കിലും അകലങ്ങളിലായിരുന്നവരെ തങ്ങളോട് ചേർത്തുനിർത്തുകയും കണ്ണീരൊപ്പുകയും ചെയ്യാൻ സാധിക്കുന്നത് ഈ മനുഷ്യരെല്ലാം പരസ്പരം അത്രമേൽ ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണ്.
കുടുംബം പുലർത്താനായി അന്യനാട്ടിൽനിന്നും ജോലിയന്വേഷിച്ച് ഇവിടെത്തിയപ്പോൾ ജോലിനൽകിയ തങ്ങളുടെ ഉടമസ്ഥന്റെ സകലതും നഷ്ടപ്പെട്ടെന്നു കണ്ടപ്പോൾ എല്ലാവരും കൂടിച്ചേർന്ന് പണം ശേഖരിച്ച് ഉടമസ്ഥന്റെ അരികിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളും ദുരന്തഭൂമിയിൽ സ്നേഹത്തിന്റെ വാഹകരായി. കണ്ണ് നിറഞ്ഞുകൊണ്ട് “ഭായിയോം, തുമാരാ പ്യാർ മുച്ചേ രുലാ ദേതാ ഹേ” (സഹോദരങ്ങളേ, നിങ്ങളുടെ സ്നേഹം എന്നെ കരയിക്കുന്നു), എന്ന് പറഞ്ഞുകൊണ്ട് അവരുടെ സമ്മാനം സ്വീകരിക്കാൻ മനസ് അനുവദിക്കാതെ, നിങ്ങൾ സുരക്ഷിതരായിരിക്കൂ എന്ന് പറഞ്ഞ് അവരെ സ്നേഹത്തോടെ പറഞ്ഞയച്ച മുണ്ടക്കൈ സ്വദേശിയെയും നമുക്കു കാണാം. ഇതിൽനിന്നുതന്നെ നമുക്കു മനസിലാക്കാം അവർക്കിടയിലുണ്ടായിരുന്നത് അങ്ങേയറ്റം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന സൗഹൃദവും സഹോദരസ്നേഹവുമായിരുന്നു എന്ന്. അല്ലെങ്കിലും സ്നേഹത്തിന് ഭാഷയോ, മതമോ, ജാതിയോ ഇല്ലല്ലോ.
കരുതലോടെ എത്തിയ സ്‌കൂളും കൂട്ടുകാരും
“ഉമ്മാ, എന്റെ ബുക്കും ബാഗും ബോക്സും എല്ലാം പോയല്ലോ. എനിക്കിനി സ്‌കൂളിൽപോകാൻ പറ്റുമോ?” എന്ന് ദുരന്തത്തിന്റെ ആദ്യനാളുകളിൽ കരഞ്ഞുകൊണ്ടാണ് ദുൽഖിഫിൽ അമ്മയോടു ചോദിച്ചത്. മൗനം മാത്രമായിരുന്നു അന്ന് ആ കുരുന്നിന്റെ അമ്മയ്ക്ക് നൽകാനുണ്ടായിരുന്നത്. എങ്കിലും സ്‌കൂൾ അധികൃതരും അധ്യാപരും കൂട്ടുകാരും ഈ എട്ടുവയസുകാരനെ സന്ദർശിക്കാൻ വന്നത് നഷ്ടപ്പെട്ടുപോയ ചിലതിനൊക്കെയും പകരമായിട്ടായിരുന്നു. പുതിയ ബാഗും യൂണിഫോമും ബോക്സും ടെക്സ്റ്റ് ബുക്കും ഉൾപ്പെടെ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുന്ന നോട്സ് പോലും എഴുതി പൂർത്തിയാക്കിക്കൊണ്ടായിരുന്നു അവർ വന്നത്. ഇത്തരത്തിലുള്ള അനേകം നന്മകൾ ഈ ദുരന്തഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൊടുക്കുന്നവരും സ്വീകരിക്കുന്നവരുമെല്ലാം എന്തിനേറെ, കണ്ടുനിൽക്കുന്നവർപോലും എക്കാലവും നന്മയുടെയും കരുണയുടെയും വാഹകരാക്കുമെന്നതിൽ ഒരു സംശവുമില്ല.
പുത്തുമല കണ്ണീർമലയായപ്പോൾ
കരൾ പിളരുന്ന കാഴ്ചയുമായാണ് ഏഴാം ദിനം അവസാനിച്ചത്. തിരിച്ചറിയാനാകാത്ത 30 മൃതാശരീരാവശിഷ്ടങ്ങൾ ഇന്നലെ രാത്രിയോടെ പുത്തുമലയുടെ മണ്ണിൽ സംസ്കരിക്കപ്പെട്ടു. കേരളത്തിന്റെ കണ്ണീർമഴയോടൊപ്പം സംസ്കാരചടങ്ങിനിടയിൽ കനത്ത മഴപെയ്തു. തങ്ങളുടെ ഇടയിലുണ്ടായിരുന്ന ആരൊക്കെയോ എന്നതിലുപരിയായി തങ്ങളുടെ ഏറ്റവും സ്വന്തമായിരുന്നവർ എന്ന കരുതലോടെയായിരുന്നു സന്നദ്ധപ്രവർത്തകർ ഓരോ ശരീരഭാഗവും ആംബുലൻസുകളിൽനിന്നും എടുത്തുകൊണ്ടുവന്ന് ഏറ്റവും ബഹുമാനത്തോടെ മണ്ണോടു ചേർത്തുവയ്ക്കുന്ന കാഴ്ച. അത് ഏതൊരാളുടെയും കണ്ണിനെയും കരളിനെയും കരയിക്കും.
ഏഴു ദിവസങ്ങൾക്കുമുൻപ് കൃത്യമായ ഐഡന്റിറ്റി, വ്യക്തിത്വത്തിലും രേഖകളിലും ഉണ്ടായിരുന്ന ഒരുകൂട്ടം മനുഷ്യരാണ് ഇന്ന് പുത്തുമലയിൽ N 186, N 187 പോലെയുള്ള നമ്പറുകളിൽ ഒതുങ്ങിയിരിക്കുന്നത്. എങ്കിലും ജനിതകപരിശോധനയ്ക്കായി അയച്ചിരിക്കുന്ന നമ്പറും ഈ നമ്പറും ഒന്നാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. നാളെയൊരിക്കൽ ഇത് മാറി അവിടെ പേരുകൾ വയ്ക്കപ്പെടാനുള്ള സാധ്യതയ്ക്കുവേണ്ടിയാണിത്. അത്രപോലും കരുതലോടെയാണ് ഒരു നാടിനെ മുഴുവനായും പുത്തുമലയിൽ ചേർത്തുവച്ചിരിക്കുന്നത്. അവസാനമായി വിടപറയുന്ന നിമിഷങ്ങളിൽ ഉറഞ്ഞുപോയ കണ്ണീരിന്റെ കനംതൂങ്ങിയ ഹൃദയങ്ങൾ മാത്രമേ അവിടെ കാണാനുണ്ടായിരുന്നുള്ളൂ. ഇതുപോലൊരു ദുരന്തം ഇനി ഈ ആയുസിൽ കാണാനിടവരരുതേ എന്നാണ് ഇപ്പോൾ ഒരു ജനത മുഴുവൻ പ്രാർഥിക്കുന്നത്.
ദുരിതഭൂമിയിൽ ആയുസറ്റുപോയവരുടെ എണ്ണത്തിൽ അറുതിയില്ലാത്തതുപോലെതന്നെ സാന്ത്വനത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന കാഴ്ചകളും നമുക്ക് കുറച്ചെങ്കിലും ആശ്വാസം നൽകും. എങ്കിലും ഇവർക്കൊക്കെയും പറയാനുള്ളത് ഒന്നേയുള്ളൂ: “ഞങ്ങളുടെ എല്ലാം പോയതിൽ ഞങ്ങൾക്കൊന്നുമില്ല. പക്ഷേ, ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ദിവസവും കാണുന്നവർ, ഇവർക്കൊക്കെ പകരംവയ്ക്കാൻ മറ്റെന്തിനെങ്കിലും കഴിയുമോ?”
ഈ ഒരു ചോദ്യത്തിനുമാത്രം നമുക്കും ഉത്തരമില്ല. ദുരന്തഭൂമിയിലെ നഷ്ടപ്പെട്ട ജീവിതങ്ങൾക്കു പകരംവയ്ക്കാൻ നമുക്ക് ഒന്നുമില്ലെങ്കിലും ഈ മനുഷ്യരുടെയെല്ലാം മനസിനേറ്റ മുറിവുകൾക്ക് സ്നേഹസാന്ത്വനം നൽകാൻ നമുക്കാകട്ടെ. സ്വപ്നങ്ങൾ ഉറങ്ങിയവരുടെ ഉണർത്തുമണികളായിമാറാൻ അനേകർക്കു സാധിക്കട്ടെ.
സുനിഷ വി. എഫ്.