Tuesday, November 26, 2024

ഇരുളിന്റെ മറവിൽ കവർന്നെടുക്കപ്പെട്ട വയനാട്

“അഭയാർഥികളെകുറിച്ച് കേട്ടിട്ടും വായിച്ചിട്ടും പഠിപ്പിച്ചിട്ടുമൊക്കെയുണ്ട്. എങ്കിലും ഒറ്റരാത്രി കൊണ്ട് അഭയാർഥിയെപ്പോലെ ജീവൻമാത്രം കൈയിൽ പിടിച്ചുകൊണ്ട് മറ്റൊരിടത്ത് എത്തപ്പെടുമെന്ന് ഒരിക്കൽപ്പോലും കരുതിയില്ല” – തുടർന്നു വായിക്കുക.

ഒരിക്കൽ പോയാൽ വീണ്ടും നമ്മെ മാടിവിളിക്കുന്നത്ര വശ്യതയുള്ള ഒരു നാടായിരുന്നു ഇന്നലെവരെ മുണ്ടക്കൈ എന്ന ഗ്രാമം. മനോഹരമായ കുന്നുകളും അരുവിയും പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടങ്ങളും മഴയും എല്ലാം ആ നാടിനു നൽകിയ ചാരുത ചെറുതൊന്നുമല്ലായിരുന്നു. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളെല്ലാം ഈ മേഖലയിലായിരുന്നു. ‘മനസൊന്നു തണുത്തു, ഉറപ്പായും ഇനിയും ഇവിടെ വരും’ – ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവർ, മടങ്ങുമ്പോൾ പറയുന്നത് ഇങ്ങനെയാണ്. എന്നാൽ കേരളത്തെ നടുക്കിക്കൊണ്ടായിരുന്നു സഞ്ചാരികളുടെ പറുദീസയായ ആ നാട് ഇരുട്ടിപുലർന്നപ്പോഴേക്കും നാമാവശേഷമായത്. ഇത്രമേൽ വശ്യതയുള്ള ഒരു നാടിന്റെ ഏറ്റവും ദയനീയമായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരൊറ്റ രാത്രികൊണ്ട് ഒരു നാട് മുഴുവനായും ഇല്ലാതാകുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയായി മുണ്ടക്കൈയും ചൂരൽമലയും ഒക്കെ മാറിക്കൊണ്ടിരിക്കുകയാണ്.

കണ്ടാൽ ഹൃദയമുരുക്കുന്ന കാഴ്ചകളും വാർത്തകളുമാണ് ഓരോ മിനിറ്റിലും നമുക്ക് വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രാത്രി ഉറങ്ങിക്കിടന്ന അതേ അവസ്ഥയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി മരണപ്പെട്ട അനേകം മനുഷ്യജീവിതങ്ങൾ.

ഏറ്റവും പ്രിയപ്പെട്ടവർ സ്വന്തം കൈപ്പിടിയിൽനിന്നും മലവെള്ളം തട്ടിയെടുക്കുന്നത് രാത്രിയുടെ ഇരുളിന്റെ വെളിച്ചത്തിൽ ഹൃദയം തകർന്നു കാണാൻ വിധിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യർ. ഉറ്റവരും ഉടയവരും ജീവിച്ചിരിക്കുന്നോ, മരിച്ചോ എന്നുപോലും അറിയാതെ വിറങ്ങലിച്ച് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നവർ.

ഒരു ആയുസു മുഴുവനും ചോര നീരാക്കി ഉണ്ടാക്കിയ സകലതും കൺമുന്നിലൂടെ മലവെള്ളം കൊണ്ടുപോകുന്ന കാഴ്ച ചങ്കുതകർന്നു നിസ്സംഗതയോടെ നോക്കിനിന്നവർ.

വയനാട്ടിലെയും മലപ്പുറത്തെയും കോഴിക്കോടെയും വിവിധ ആശുപത്രികളിൽ ശരീരത്തിന്റെ പലഭാഗങ്ങളമില്ലാതെ തിരിച്ചറിയപ്പെട്ടും അറിയപ്പെടാതെയും തണുത്തുവിറങ്ങലിച്ചു കിടക്കുന്ന മൃതദേഹങ്ങൾ.

മൂടിക്കെട്ടിയ മൃതശരീരങ്ങൾക്കിടയിൽ തങ്ങളുടെ അമ്മയോ, അച്ഛനോ, സഹോദരങ്ങളോ, മകനോ, മകളോ, ബന്ധുക്കളോ, സുഹൃത്തുക്കളോ ഉണ്ടോ എന്നു തിരയുന്ന മനുഷ്യർ.

മരണമടഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തിയവരുടെ കരച്ചിലുകൾ, നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവരെ ഓർത്തുള്ള വിതുമ്പലുകൾ, ജീവനോടെ തിരികെക്കിട്ടിയാൽ മതിയായിരുന്നു എന്നുള്ള കണ്ണീർപ്രാർഥനകൾ.

അവസാനമായി ഒരുനോക്ക് കാണാനെങ്കിലും സാധിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹങ്ങൾ.

ഇതൊക്കെയാണിപ്പോൾ ഇവിടെ തളംകെട്ടി നിൽക്കുന്നത്.

കണ്ണടച്ചു തുറന്നപ്പോഴേക്കും ഉടുതുണിമാത്രം സമ്പാദ്യമായി അവശേഷിപ്പിക്കപ്പെട്ട അനവധിയാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു ബന്ധുവീടുകളിലും കഴിയുന്നുണ്ട്. അതിനിടയിൽ ഇനിയുമൊരു ഉരുൾപൊട്ടൽസാധ്യത നിലനിൽക്കെ തങ്ങളുടെ പ്രിയപ്പെട്ടവർ വീട്ടിൽ കാത്തിരിക്കുന്നുണ്ടെന്ന അറിവിലും ജീവൻപോലും പണയംവച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന കുറേയധികം മനുഷ്യർ.

ദുരിതക്കാഴ്ചയിലും തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി അവശ്യസാധനങ്ങളും സേവനവുമായി വിവിധ ഇടങ്ങളിൽനിന്നും ഓടിയെത്തിക്കൊണ്ടിരിക്കുന്ന നന്മ നിറഞ്ഞവർ. പരിക്കേറ്റവർക്ക് രക്തം നൽകാനായി ഓടിയെത്തിയ അനവധിയാളുകൾ. എങ്കിലും സ്ഥിതി ഏറ്റവും ദയനീയവും ഭീകരവുമാണ്. കാണാതായ 81 പേരുടെ ഫോട്ടോ സഹിതം ഇപ്പോൾ ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും ഇരുന്നൂറോളം ആളുകളെ കണ്ടുകിട്ടാനുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അഭയാർഥികളും അനാഥരുമായവർ

“ശബ്ദം കേട്ടപ്പോൾ ഓടിയതുകൊണ്ട് ജീവൻ കിട്ടി. വേറെ ഒന്നുമില്ല എല്ലാം പോയി” – തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടിയിലെ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞതാണിത്.

“വീട്ടിൽനിന്നും മാറി ബന്ധുവീട്ടിൽ വന്നു. രാത്രി രണ്ടുമണിയോടെ പേടിപ്പിക്കുന്ന ശബ്ദമുണ്ടായി. എന്താണെന്നു നോക്കാൻ എഴുന്നേറ്റ് മൂന്നാം നിലയുടെ മുകളിൽ കയറിയപ്പോൾ കണ്ടത് വെള്ളവും ചെളിയും പാറകളും മരത്തടികളും വലിയ ശക്തിയിൽ ഒലിച്ചുവരുന്നതാണ്. മൂന്നാം നിലയുടെ മുകളിലായതുകൊണ്ടുമാത്രം ജീവൻ തിരിച്ചുകിട്ടി. ഇങ്ങോട്ടുവന്ന കാറുപോലും മുറ്റത്തുകൂടി ഒഴുകിപ്പോകുന്നത് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. ജീവൻമാത്രമേ ഇപ്പോൾ ഉള്ളൂ. ദൈവം കാത്തതാണ്” – മുണ്ടക്കൈ സ്വദേശി പറയുന്നു.

“അഭയാർഥികളെകുറിച്ച് കേട്ടിട്ടും വായിച്ചിട്ടും പഠിപ്പിച്ചിട്ടുമൊക്കെയുണ്ട്. എങ്കിലും ഉടുതുണിക്കു മറുതുണിയില്ലാതെ ഒറ്റരാത്രി കൊണ്ട് അഭയാർഥിയെപ്പോലെ ജീവൻ മാത്രം കൈയിൽ പിടിച്ചുകൊണ്ട് മറ്റൊരിടത്ത് വരപ്പെടുമെന്നു ഒരിക്കൽപ്പോലും കരുതിയില്ല” – അധ്യാപിക കൂടിയായ മുണ്ടക്കൈ സ്വദേശിനി മലവെള്ളപ്പാച്ചിൽ നേരിൽക്കണ്ട ഞെട്ടൽ മാറാതെ പറഞ്ഞുതുടങ്ങുകയാണ്.

തന്റെ കുഞ്ഞുമക്കളോട് നിക്കറിൽ മൂത്രമൊഴിച്ചാൽ വേറെ മാറാൻ നിക്കറില്ല എന്ന് പറഞ്ഞുകൊടുക്കുന്ന ‘അഭയാർഥി അമ്മമാർ’ വയനാടിന്റെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ കണ്ണ് നിറയ്ക്കുകയാണ്.

സഹായങ്ങളെത്തിക്കാൻ ക്യാമ്പിലെത്തിയ സന്നദ്ധപ്രവർത്തകർ കണ്ടത് നിസ്സംഗരായി നിൽക്കുന്ന ഒരുകൂട്ടം മനുഷ്യരെയാണ്. വളരെയധികം ജനസാന്ദ്രതയുള്ള ഒരിടത്ത് ഇത്ര വലിയൊരു അപകടമാണ് സംഭവിച്ചിരിക്കുന്നത്. കുറച്ചുപേരൊക്കെ ബന്ധുവീടുകളിൽ താമസിക്കുന്നുണ്ട്. എങ്കിലും ബാക്കിയുള്ളവർ എവിടെ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. നിലവിൽ 45 ക്യാമ്പുകളിലായി 3069 ആളുകളുണ്ട്.

‘വീടിനുള്ളിൽ അച്ഛനും കുഞ്ഞും മരിച്ചുകിടക്കുകയാണ്, രക്ഷിക്കണം’ എന്ന് അതേ വീട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആള് രക്ഷാപ്രവർത്തകരെ ഫോൺ വിളിച്ചുപറയുന്നത് നാം അറിഞ്ഞതാണ്. കഴുത്തോളം വെള്ളം മൂടിയിട്ടും സീലിംഗ് ഫാനിലും മരത്തിന്റെ ചില്ലയിലുമൊക്കെ പിടിച്ചുനിന്ന് രക്ഷപെട്ടവരും നിരവധിയാണ്. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഉറ്റവരെയും കൂടപ്പിറപ്പുകളെയും കാത്ത് ആശുപത്രികളിൽ ആയിരിക്കുന്നവരുമുണ്ട്. എങ്കിലും അവർക്കായി ഇനി ആരെങ്കിലും വരുമോ എന്ന് ഒരുറപ്പുമില്ല. അനാഥമാക്കപ്പെട്ട എട്ടുവയസുകാരി മുതൽ ആരും വന്ന് ഏറ്റെടുക്കാനില്ലാത്ത അനേകം പേർ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്.

ഇന്നലെ രാത്രി മുതൽ മഴയിൽ തണുത്തുവിറങ്ങലിച്ചുനിൽക്കുന്ന നൂറോളം ആളുകളെ രക്ഷിക്കാൻ പ്രതികൂല കാലാവസ്ഥയിലും വായുസേനയുടെ ഹെലികോപ്റ്ററുകൾ എത്തിയിട്ടുണ്ട്. ലാൻഡ് ചെയ്യാനുള്ള സ്ഥലം പോലുമില്ലാതെ അത്ര കഠിനമായ സാഹചര്യത്തിലും അവർ രക്ഷകരായി പറന്നെത്തി.

അനേകം കുട്ടികൾക്ക് വിദ്യാവെളിച്ചം നൽകിയ സ്‌കൂളും ആരാധനാലയങ്ങളുമെല്ലാം ഇന്ന് നാമാവശേഷമായി മാറിയിരിക്കുകയാണ്. മരണപ്പെട്ടവരിൽ തങ്ങളുടെ വിദ്യാർഥികളുമുണ്ടോ എന്ന് തിരിച്ചറിയാൻ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ നിറകണ്ണുകളുമായി എത്തിയിരിക്കുന്ന അധ്യാപകരെയും നമുക്കു കാണാം.

ചൂരൽമലയ്ക്കടുത്ത പുത്തുമലയിൽ ഉരുൾ പൊട്ടിയിട്ട് അഞ്ചു വർഷമാകാൻ ഒരാഴ്ചമാത്രം ബാക്കിനിൽക്കെ അതിനേക്കാൾ പതിന്മടങ്ങ് നാശനഷ്ടങ്ങൾ വരുത്തിയാണ് ഒരു നാട് മുഴുവൻ ദുരന്തഭൂമിയായിരിക്കുന്നത്. വെറും കല്ലും മണ്ണും പാറക്കെട്ടുകളും മരക്കഷ്ണങ്ങളും മാത്രം അവശേഷിക്കുന്ന ഈ ഇടം പെഡ്രോ പരാമോയിലെ കൊമാലയെന്ന പ്രേതഭൂമിക്കു സമാനമായി മാറിയിരിക്കുകയാണ്. അവിടെ കാണുന്ന അവസ്ഥയല്ല യഥാർഥത്തിലുള്ളത്. അതിനേക്കാൾ ഭീകരവസ്ഥ മണ്ണിനടിയിലുണ്ട്.

മരണമടഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെ പോസ്റ്റ്മോർട്ടവും മറ്റു ഫോർമാലിറ്റീസും കഴിഞ്ഞ് തിരികെക്കിട്ടിയാലും എവിടെ സംസ്കരിക്കും എന്നുപോലും അറിയാതെ ശൂന്യരായി നിൽക്കുന്ന ഒരു ജനതയ്ക്കുവേണ്ടി നമുക്കു പ്രാർഥിക്കാം. ഇതെല്ലാം കഴിയുമ്പോൾ ക്യാമ്പുകൾ പിരിച്ചുവിടും. അപ്പോഴാണ് ഇവിടെ ആയിരിക്കുന്നവർക്കുമുൻപിൽ ജീവിതം ഒരു ചോദ്യചിഹ്നമായി മാറുന്നത്. എങ്ങോട്ടുപോകും എന്ന വലിയൊരു സമസ്യയ്ക്ക് അവിടെ ഉത്തരം നൽകേണ്ടത് നമ്മുടെ സഹോദരസ്നേഹമാണ്. നിലവിലെ സാഹചര്യത്തിൽ ഒരു നാടിനെ മുഴുവൻ പുനഃരധിവസിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് നമുക്കെല്ലാവർക്കുമുള്ളത്. മണ്ണിനടിയിൽ ഇന്നലെയുറങ്ങിയ ഒരു നാടിന്റെ വലിയ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും മറ്റൊരിടത്തേക്ക് മാറ്റി ഉണർത്തുമ്പോൾ ഉണ്ടാകാൻപോകുന്ന വലിയ റിസ്കുകൾ ഒക്കെയുണ്ടെങ്കിലും വയനാടിനായി കൈകോർക്കുന്ന അനേകായിരം സുമനസുകൾക്ക് നന്ദി. ഇതിനെല്ലാം ശേഷം ഈ നാടിനെയും ശേഷിക്കുന്ന ജനതയെയും ചേർത്തുപിടിക്കാൻ കേരളജനത മറക്കരുത്. മരണസംഖ്യ വർധിക്കാതിരിക്കാൻ പ്രാർഥിക്കാം.

രക്ഷാപ്രവർത്തകർക്കും സുമനസുകൾക്കും എഡിറ്റ് കേരളയുടെ ആദരവും നന്ദിയും.

സുനിഷ വി. എഫ്.

Latest News