ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഈ വലിയ ദുരിതത്തിൽ 153 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചു. 48 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 98 പേരെ ഇനിയും ഈ മേഖലയിൽനിന്നും കണ്ടെത്താനുണ്ട്.
150 പേരടങ്ങുന്ന രക്ഷാപ്രവർത്തകരുടെ സംഘം നാലുസംഘങ്ങളായി തിരിഞ്ഞ്, കൂടുതൽ ദുരിതം വിതച്ച മുണ്ടക്കൈയിലേക്കു പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നത് സൈന്യം, എൻ. ഡി. ആർ. എഫ്., അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ്. മുണ്ടക്കൈ ഭാഗത്തുമാത്രം അന്‍പതിലധികം വീടുകളാണ് തകർന്നത്.