തിരിച്ചറിയപ്പെടാതെയും തിരിച്ചറിഞ്ഞും ഒരുപാട് മൃതദേഹങ്ങളാണ് ദുരന്തമേഖലയില്‍നിന്നും കണ്ടെത്തിയത്. ഇവിടെ എല്ലാവരും എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ത്തന്നെ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ ഒരു നാടുമുഴുവന്‍ തേങ്ങി. അത് ഒരു നാടിന്റെ വിങ്ങലായി മാറി. തുടര്‍ന്നു വായിക്കുക…
അവര്‍ തിരിച്ചറിയപ്പെടാതെ മണ്ണിലേക്ക് മടങ്ങി
സർവമതപ്രാർഥനയ്ക്കുശേഷം തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങളും 88 ശരീരഭാഗങ്ങളും അടക്കം ചെയ്തു. ആഗസ്റ്റ് നാലിന് രാത്രിയോടെ മേപ്പാടി പുത്തുമലയിലെ ഹാരിസൺ എസ്റ്റേറ്റിലായിരുന്നു സംസ്കാരം. നൂറുകണക്കിന് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ഇനിയും തിരിച്ചറിയപ്പെടാതെ അവശേഷിക്കുന്നത്. ഉറ്റവരാൽ തിരിച്ചറിയപ്പെട്ടില്ലെങ്കിലും ഒരു നാട് മുഴുവനും അവർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു മതവിഭാഗങ്ങളിലെ വ്യത്യസ്ത പ്രാർഥനകൾക്കുശേഷം മൃതശരീരങ്ങൾ മണ്ണിലേക്ക് അടക്കം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു. കാരണം, അവർ ആർക്കൊക്കെയോ പ്രിയപ്പെട്ടവരായിരുന്നു; തങ്ങളെപ്പോലെ തന്നെ. ഇന്നും ഇപ്രകാരം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കാനാണ് തീരുമാനം.
അവസാനിക്കാത്ത കാത്തിരിപ്പ്
വയനാട്ടിലുണ്ടായ ദുരന്തം ചിലർക്ക് അങ്ങനെയാണ്. അവരുടെ കാത്തിരിപ്പ് അവസാനിക്കുന്നില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താത്ത പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളിൽ അവർ ജീവിക്കുകയാണ്. ഇനിയെങ്ങാനും തങ്ങളുടെ പ്രിയപ്പെട്ടവർ ജീവിച്ചിരുപ്പുണ്ടോ എന്ന പ്രതീക്ഷയിൽ അവർ ഉഴലുകയാണ്. ജീവൻമാത്രം ബാക്കി കിട്ടിയെങ്കിലും ജീവന്റെ പാതിയായവർ ഇന്നും കാണാമറയത്ത്. ആ കാത്തിരിപ്പ് നീളുകയാണ്.
ഉറ്റവരെ തേടി പ്രവാസികളെത്തിയപ്പോൾ
തങ്ങളുടെ നാട്ടിൽ ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോൾ അത് ഇത്രമേൽ ആ നാടിനെത്തന്നെ ഇല്ലാതാക്കിക്കളയുന്ന ഒന്നായിരിക്കുമെന്ന് ജോലിക്കായി വിദേശത്തും അന്യനാട്ടിലുമൊക്കെ ആയിരുന്നവർ അറിഞ്ഞിരുന്നില്ല. തങ്ങളെ യാത്രയാക്കിയവർക്ക് അന്ത്യയാത്ര നൽകാനായിരിക്കും ഇനി വരേണ്ടതെന്ന് സ്വപ്‍നത്തിൽപ്പോലും അവർ കരുതിയിട്ടുണ്ടാവില്ല. ദുരന്തഭൂമിയിൽ പ്രിയപ്പെട്ടവരെ തേടി അലയുന്നവരുണ്ട്, മകളെ അന്വേഷിക്കുന്ന അച്ഛനുണ്ട്, തങ്ങളുടെ വീടുപോലും കണ്ടെത്താൻ സാധിക്കാത്തവരുണ്ട്. ഈ ദുരന്തം കരിനിഴൽ വീഴ്ത്തി മായ്ച്ചുകളഞ്ഞത് ഒരുപാട് പേരുടെ സ്വപ്നങ്ങളാണ്. ജീവിതങ്ങളാണ്.
ജീവനുവേണ്ടിയുള്ള തിരച്ചിലുകൾ
ദുരിതക്കയത്തിൽ മുങ്ങിപ്പോയവരെ രക്ഷിക്കാൻ തുടങ്ങിയ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇനി പ്രസക്തിയില്ല. ഇപ്പോൾ നടക്കുന്നത് മൃതദേഹങ്ങൾക്കുവേണ്ടിയുള്ള അന്വേഷണമാണ്. ഈ ഏഴാം ദിവസവും കണ്ടെത്തുന്നുണ്ട് രണ്ടും മൂന്നും മൃതദേഹങ്ങളും ചില ശരീരഭാഗങ്ങളും. ഇപ്പോൾ ദുർഗന്ധം വമിക്കുന്ന സഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മനോഹരമായ ഒരു പ്രദേശം ഒരു രാത്രി വെളുത്തപ്പോഴേക്കും ശ്മാശാനഭൂമിയായി മാറി. എത്രഭീകരം ആ കാഴ്ച!
ദുരിതാശ്വാസക്യാമ്പിലെ പ്രതീക്ഷ
ദുരിതാശ്വാസക്യാമ്പിൽ മുറിവേറ്റ മനസോടെ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് നമുക്കു മുന്നിൽ. എവിടെയും ദുഃഖം തളംകെട്ടിയ മുഖങ്ങൾ മാത്രം. സ്വന്തമായവയും സ്വന്തമായവരുമൊക്കെ നഷ്ടപ്പെട്ടവർ. എങ്കിലും പ്രതീക്ഷയുടെ തിരിവെട്ടം പകരാൻ ചിലർക്കാകുന്നുണ്ട്. ഒരു കുഞ്ഞിന്റെ പുഞ്ചിരിയിലും നിഷ്കളങ്കബാല്യത്തിന്റെ കുറുമ്പുകളിലും പലരും എല്ലാം മറന്ന് ചിരിക്കുന്നുണ്ട്.
നാളെ എങ്ങനെയാകുമെന്ന് ഇവർക്കറിയില്ല. പക്ഷേ, ഇന്നിന്റെ ചെറിയ സന്തോഷങ്ങളിൽ ഒരുവേള അവർ പുഞ്ചിരിക്കുകയാണ്. ഓർമ്മകളിലേക്ക്ക്കു മടങ്ങുമ്പോൾ ആ പുഞ്ചിരി തേങ്ങലുകളാകാം; തേങ്ങലുകൾ നിലവിളികളും. എങ്കിലും അവർ പുഞ്ചിരിക്കുകയാണ്. അല്പനേരത്തേയ്‌ക്കെങ്കിലും ആ മുഖങ്ങളിൽ പുഞ്ചിരി വിടരട്ടെ. വിടർന്ന പുഞ്ചിരികൾ നിലനിൽക്കട്ടെ. അങ്ങനെ പ്രാർഥിക്കാനേ കേരളക്കരയ്ക്കാവുകയുള്ളൂ.
മനുഷ്യർ എന്ന തിരിച്ചറിവ് മലയാളിയുടെയും ലോകത്തിന്റെയും മനസിൽ മായാതെ കോറിയിട്ടതിനുശേഷമാണ് ഈ ദുരിതവും ഒരാഴ്ച പിന്നിടുന്നത്. അതിജീവിക്കുമെന്നു പറയുമ്പോഴും ദുരിതക്കയത്തിൽനിന്നും എങ്ങനെ കരകയറുമെന്നാണ് ദുരിതബാധിതർക്ക് മനസിലാകാത്തത്. കാരണം, ഒന്നും അവശേഷിക്കാത്ത ഒരു സമൂഹത്തിനും അതിജീവനം സാധ്യമാണെന്ന് തെളിയിക്കേണ്ടത് മലയാളിയുടെ കടമയാണ്.
തയ്യാറാക്കിയത്: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ
കടപ്പാട്: https://www.manoramaonline.com/, https://www.mathrubhumi.com/, https://www.asianetnews.com/