Tuesday, November 26, 2024

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; നിര്‍ദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.

ലിബറലിസത്തിന്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിര്‍ദ്ദേശത്തിനു പിന്നില്‍. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്‌നമാണ്. മതവിശ്വാസങ്ങളില്‍ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയില്‍ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാര്‍ക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേ? എന്നും പിഎംഎ സലാം ചോദിച്ചു.

എന്നാല്‍, ഒരിടത്തും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകള്‍ പി ടി എയുമായി ആലോചിച്ചു സര്‍ക്കാരിനെ അറിയിച്ചാല്‍ പരിഗണിക്കും. സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധം ഇല്ല. നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

 

 

Latest News