Tuesday, November 26, 2024

സുഡാനില്‍ ഈജിപ്ത് അറ്റാ ഷെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു; 72 മണിക്കൂര്‍ വെടിനിര്‍ത്തലിനു ധാരണ

ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ അറ്റാ ഷെക്ക് ദാരുണാന്ത്യം. സുഡാനിലെ ഈജിപ്ത് എംബസിയിലെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് അറ്റാ ഷെ മുഹമ്മദ് അല്‍-ഖര്‍റാവിയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിനു പിന്നാലെ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരു വിഭാഗങ്ങളും ധാരണയായി.

സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സങ്കീര്‍ണ്ണമായതോടെ സുഡാനില്‍ നിന്നും വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെയുണ്ടായ വെടിവയ്പ്പിലാണ് അറ്റാ ഷെ കൊല്ലപ്പെട്ടത്. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കാറോടിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം.അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്‍റെ വെടിയേറ്റാണ് അറ്റാ ഷെ കൊല്ലപ്പെട്ടതെന്ന് സുഡാന്‍ സൈന്യം ആരോപിച്ചു.

ഖര്‍റാവിയുടെ കൊലപാതകത്തിനു പിന്നാലെ സൗദി അറേബ്യയും, യുഎസും നടത്തിയ അടിയന്തര നീക്കത്തെ തുടര്‍ന്ന് 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സൈന്യ വിഭാഗങ്ങള്‍ ധാരണയായിട്ടുണ്ട്. അതേസമയം, ഈ അവസരമുപയോഗിച്ചു വിദേശപൗരന്മാരെ സുഡാനില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍. സൗദി അറേബ്യ ഇതുവരെ ഇന്ത്യ ഉള്‍പ്പടെ 26 രാജ്യങ്ങളില്‍ നിന്നുള്ള 356 വിദേശ പൗരന്മാരെ സുഡാനില്‍ നിന്നും ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Latest News