Thursday, November 21, 2024

നൂറുവർഷത്തെ പരിശ്രമങ്ങൾ വിജയത്തിലേക്ക്: മലേറിയമുക്ത രാജ്യമായി ഈജിപ്തിനെ പ്രഖ്യാപിച്ച് യു. എൻ.

നൂറു വർഷത്തോളമായി മലേറിയയെ നിർമാർജനം ചെയ്യാനുള്ള ഈജിപ്തിന്റെ ശ്രമങ്ങൾ വിജയത്തിലേക്ക്. ഈജിപ്തിനെ, ലോകാരോഗ്യ സംഘടന മലേറിയവിമുക്ത രാജ്യമായി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതോടെയാണ് രാജ്യം ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്.

“മലേറിയ ഈജിപ്ഷ്യൻ നാഗരികത പോലെതന്നെ പഴക്കമുള്ളതാണ്. എന്നാൽ, ഫറവോകളെ ബാധിച്ച രോഗം ഇപ്പോൾ അതിന്റെ ചരിത്രത്തിലേക്കു മറഞ്ഞിരിക്കുന്നു” – ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നൂറു വർഷത്തോളമായി മാരകമായ കൊതുക് പരത്തുന്ന പകർച്ചവ്യാധിയെ തുരത്താനുള്ള ശ്രമങ്ങൾ ഈജിപ്ത് നടത്തിവരികയായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് മലേറിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഈജിപ്ത് അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് യു. എൻ. അംഗീകാരം രാജ്യത്തെ തേടിയെത്തുന്നത്.

പുരാതനകാലം മുതൽ രാജ്യത്ത് നിലനിന്നിരുന്ന ഒരു രോഗം അവസാനിപ്പിക്കാനുള്ള ‘ഈജിപ്ഷ്യൻ ഗവൺമെന്റിന്റെയും ജനങ്ങളുടെയും’ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിനും മൊറോക്കോയ്ക്കും ശേഷം ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ മലേറിയ വിമുക്തരാജ്യം എന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്.

ലോകത്തിൽ മലേറിയ ബാധിച്ച് ഓരോ വർഷവും കുറഞ്ഞത് 6,00,000 പേർ മരണമടയുന്നുണ്ട്; അവരിൽ ഭൂരിഭാഗവും ആഫ്രിക്കയിലാണ്.

Latest News