Tuesday, November 26, 2024

ഇന്ത്യയുടെ അതിഥിയാകാന്‍ കഴിഞ്ഞത് മഹത്തായ കാര്യമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയാകാന്‍ കഴിഞ്ഞത് മഹത്തായ കാര്യമാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ നിയോഗിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി അദ്ദേഹം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ഇതാദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രഥമ സന്ദര്‍ശനം റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണെന്നതിനാല്‍ സിസിയുടെ വരവ് ചരിത്രപരമായ മൂഹൂര്‍ത്തമായി രാജ്യം കണക്കാക്കുന്നു.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡ്യ, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ വി.കെ. സെക്‌സേന തുടങ്ങിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു.

കേന്ദ്ര സര്‍ക്കാരിനും ഓരോ ഭാരതീയനും റിപ്പബ്ലിക് ദിന വേളയില്‍ അഭിനന്ദനങ്ങള്‍ നല്‍കുകയാണെന്ന് സിസി പറഞ്ഞു. ഇന്ത്യയും ഈജിപ്തുമായുള്ള ബന്ധം സവിശേഷത നിറഞ്ഞതും സുസ്ഥിരവുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News