സി. ഐ. എ. ഡയറക്ടർ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി എന്നിവരുമായി, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ മൊസാദ് മേധാവി ഡേവിഡ് ബാർനിയ ഞായറാഴ്ച ദോഹയിലേക്കു പറന്നു. വെടിനിർത്തൽ കരാറിനുള്ള ചർച്ചകൾ ആരംഭിക്കുമ്പോൾ, രണ്ടുദിവസം വെടിനിർത്തലിനു തയ്യാറായാൽ നാലു ബന്ദിക്കളെ മോചിപ്പിക്കാമെന്നുള്ള ധാരണാനിർദേശമാണ് ഈജിപ്ത് മുന്നോട്ടുവച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതനുസരിച്ച്, “സമീപകാല സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഹമാസിന്റെ തടവിൽനിന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വിവിധ സാധ്യതകൾ” ഉദ്യോഗസ്ഥർ ചർച്ച ചെയ്യും. ഈ റൗണ്ട് മീറ്റിംഗുകളിൽ ഹമാസ് പങ്കെടുക്കില്ലെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രായേലിനോടു പറഞ്ഞു; എന്നാൽ, തുടർന്നുള്ള റൗണ്ടിൽ ചേരാൻ സാധ്യതയുണ്ട്. തീവ്രവാദ ഗ്രൂപ്പിനും ഇസ്രായേൽ ചർച്ചക്കാർക്കുമിടയിൽ മധ്യസ്ഥർ നിലനിൽക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
ഖത്തർ തങ്ങളുടെ പ്രദേശത്ത് നിരവധി ഉന്നത ഹമാസ് നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്നു. സമഗ്രമായ ഒരു കരാറിനെക്കുറിച്ച് ഹമാസുമായി ചർച്ചകൾ ആരംഭിക്കുന്നതിനും സിൻവാറിന്റെ മരണശേഷം ഹമാസിന്റെ തീരുമാനമെടുക്കൽ മനസ്സിലാക്കുന്നതിനും രൂപകല്പന ചെയ്ത ഒരു ചെറിയ കരാറിന്റെ സാധ്യത ഇസ്രായേൽ പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പാലസ്തീൻ തടവുകാർക്കു പകരമായി ഇസ്രായേൽ ബന്ദികളെ കൈമാറുന്നതിനായി രണ്ടുദിവസത്തെ വെടിനിർത്തൽ നിർദേശം ഈജിപ്ത് മുന്നോട്ടുവച്ചതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഞായറാഴ്ച വെളിപ്പെടുത്തി. നാലു ബന്ദികളെ മോചിപ്പിച്ചതിനുശേഷം പത്തുദിവസത്തെ ചർച്ചകൾ ഉൾപ്പെടുന്ന ഈജിപ്ഷ്യൻ നിർദേശം, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ കഴിഞ്ഞയാഴ്ച ദേശീയ സുരക്ഷാ മന്ത്രിസഭയ്ക്കു സമർപ്പിച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. മിക്ക മന്ത്രിമാരും സന്നിഹിതരായിരുന്ന സമ്മേളനത്തിൽ എല്ലാ സുരക്ഷാമേധാവികളും ഈ ആശയത്തെ പിന്തുണച്ചെങ്കിലും ധനമന്ത്രി ബെസലെൽ സ്മോട്രിച്ചും ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വീറും ഇതിനെ എതിർത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.