Friday, January 31, 2025

‘ഒരു മോസ്‌ക് ഉള്ളിടത്ത്, ഒരു പള്ളിയും’! പുതിയ നഗര പദ്ധതികളില്‍ ക്രൈസ്തവ ദേവാലയങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍സീസി

ഈജിപ്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നഗരങ്ങളുടെ നിര്‍മ്മാണ പദ്ധതികളില്‍ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ പ്ലാന്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. പ്രസ്തുത നഗരത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറവാണെങ്കില്‍ പോലും ഈ പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഈജിപ്ഷ്യന്‍ രാഷ്ട്രീയ നേതൃത്വം അടുത്തിടെ നടപ്പാക്കിയ വന്‍ നഗരവല്‍ക്കരണ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഉത്തരവാദികളായ സര്‍ക്കാര്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വച്ച്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയാണ് ഈ ഉത്തരവ് നല്‍കിയത്. ‘ഒരു മോസ്‌ക് ഉള്ളിടത്ത്, ഒരു പള്ളിയും ഉണ്ടായിരിക്കണം’. അദ്ദേഹം പറഞ്ഞു. ‘പ്രസ്തുത പള്ളിയില്‍ 100 പേര്‍ മാത്രമേ പങ്കെടുക്കാന്‍ സാധ്യതയുള്ളു എന്നാണെങ്കിലും ഒരു ദേവാലയം തീര്‍ച്ചയായും പണിതിരിക്കണം. അങ്ങനെയായാല്‍ ആര്‍ക്കും ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൂടിച്ചേര്‍ന്ന് സ്വകാര്യ ഭവനങ്ങളെ പള്ളിയാക്കി മാറ്റേണ്ടി വരില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനം ഈജിപ്തിലുള്ള സഭകളുടെയും സഭാ സമൂഹങ്ങളുടെയും പ്രതിനിധികളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് അല്‍സിസിയുടെ കാലഘട്ടത്തിലെ ആരാധനാലയങ്ങളുടെ നിര്‍മ്മാണം ദേശീയ പ്രാധാന്യം കൈവരിച്ചെന്നും ആധുനിക ഈജിപ്തിന്റെ ചരിത്രത്തില്‍ എക്കാലവും ഇത് ഓര്‍മ്മിക്കപ്പെടുമെന്നും ഈജിപ്തിലെ ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ആന്‍ഡ്രിയ സാക്കി ചൂണ്ടിക്കാട്ടി.

ഈജിപ്തില്‍ ആരംഭിച്ചിരിക്കുന്ന ഈ നഗരവികസന പരിപാടിയില്‍, സിവില്‍ അധികാരികള്‍ അവതരിപ്പിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഓരോ പുതിയ നഗര ജില്ലയ്ക്കും സ്വന്തം പള്ളി ഉണ്ടായിരിക്കും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും, ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കാനുള്ള അവസരം ഉറപ്പുനല്‍കുക എന്നതാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്നും അധികാരികള്‍ വ്യക്തമാക്കി.

പുതിയ ദേവാലയങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള നിരവധി പ്രശ്നങ്ങളുടെയും തര്‍ക്കങ്ങളുടെയും വെളിച്ചത്തില്‍ ഈജിപ്ഷ്യന്‍ രാഷ്ട്രീയ അധികാരികള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രധാനമാണ്. 2016 വരെ, ഓട്ടോമന്‍ നിയമമനുസരിച്ച് സ്‌കൂളുകള്‍, കനാലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വേ, പാര്‍പ്പിട പ്രദേശങ്ങള്‍ എന്നിവയ്ക്ക് സമീപം പുതിയ പള്ളികളുടെ നിര്‍മ്മാണം നിരോധിച്ചിരുന്നു.

ഈ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം ക്രിസ്ത്യാനികള്‍ താമസിക്കുന്ന നഗരങ്ങളിലും പട്ടണങ്ങളിലും, പ്രത്യേകിച്ച് അപ്പര്‍ ഈജിപ്തിലെ ഗ്രാമപ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നത് തടസ്സപ്പെട്ടു. എങ്കിലും അനുമതികളില്ലാതെ പലയിടങ്ങളിലും ആളുകള്‍ ദേവാലയങ്ങള്‍ പണിയുകയും ചെയ്തിരുന്നു. 2016 ഓഗസ്റ്റില്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച, ആരാധനാലയങ്ങളെക്കുറിച്ചുള്ള പുതിയ നിയമ പ്രകാരം ആവശ്യമായ അനുമതികളില്ലാതെ മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിയമവിധേയമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അതിന്‍പ്രകാരം, ആവശ്യമായ അനുമതികളില്ലാതെ നിര്‍മ്മിച്ച 1,958 പള്ളികള്‍ക്കും സഭാ കെട്ടിടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയശേഷം അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

Latest News