ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സില്‍ തെരുവിലിറങ്ങി ആയിരങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി പാരീസിലെ ഈഫല്‍ ടവറില്‍, ഇറാനില്‍ കൊല്ലപ്പെട്ട മഹ്സ അമിനിക്ക് ഐക്യദാര്്ഢ്്യം പ്രഖ്യാപിച്ചു കൊണ്ട് ‘സ്ത്രീ, ജീവിതം സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കൂടാതെ, കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് നഗരത്തിലും ആയിരങ്ങള്‍ മാര്‍ച്ച് നടത്തി. ഇറാന് സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നടപടി നിര്‍ത്തലാക്കണമെന്നും പ്രോക്ഷഭക്കാര് പ്രഖ്യാപിച്ചു.
ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22-കാരിയുടെ മരണത്തെ തുടര്‍ന്നാണ് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. മന:സാക്ഷിക്ക് നിരക്കാത്ത കൊലയ്ക്ക് പിന്നാലെ ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. ഇറാന് ഭരണകൂടം സ്വന്തം ജനങ്ങളെ ഭയക്കുന്നതിനാലാണ് ആളുകളെ തൂക്കിലേറ്റുന്നതെന്നാണ് യുഎന്‍ പ്രതികരിച്ചത്.
തുടര്‍ന്ന് ഇറാനില്‍ ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും മുടി മുറിച്ചും സ്ത്രീകള്‍ ഭരണകൂടത്തിനെതിരെ രംഗത്ത് വന്നു. എല്ലാ നഗരങ്ങളിലേക്കും പ്രക്ഷോഭം പടര്‍ന്നു. ലോകമെങ്ങുമുള്ള പ്രമുഖര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി അണിനിരന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഇറാന് എംബസിക്കു മുന്നില്‍ വലിയ പ്രതിഷേധമുണ്ടായി.
പ്രക്ഷോഭത്തിന് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 250ലേറെ പേര് കൊല്ലപ്പെട്ടു. ആയിരങ്ങള്‍ തടവിലായി. സര്‍വകലാശാലകളും വിദ്യാലയങ്ങളും വിട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ലോകം ഏറ്റെടുത്തു. അഫ്ഗാന് അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറി.