ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയിൽ ഹമാസ് ബന്ദികളാക്കിയ എട്ടുപേരെ കൂടി വിട്ടയച്ചു. മൂന്ന് ഇസ്രായേലികളെയും അഞ്ച് തായ് പൗരന്മാരെയുമാണ് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. പിന്നീട് അവരെ ഇസ്രായേൽ സേനയിലേക്കു മാറ്റുകയും ഇസ്രായേലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജീവപര്യന്തം തടവിനു വിധിച്ച 32 പേരും പ്രായപൂർത്തിയാകാത്ത മുപ്പതുപേരും ഉൾപ്പെടെ 110 പലസ്തീനികളെ പിന്നീട് ഇസ്രായേൽ ജയിലുകളിൽനിന്ന് മോചിപ്പിച്ചു.
ജനുവരി 19 ന് വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം 15 ബന്ദികളെ മോചിപ്പിച്ചുവെന്നാണ് വ്യാഴാഴ്ചത്തെ മോചനങ്ങൾ അർഥമാക്കുന്നത്. 82 പേർ ഇപ്പോഴും തടവിലാണ്. ഇസ്രായേൽ സൈനികൻ അഗം ബെർഗർ (20) ആണ് വ്യാഴാഴ്ച ആദ്യം മോചിപ്പിക്കപ്പെട്ടത്.