പാക്കിസ്ഥാനിലെ ഒൻപതു കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നൽകിയ തിരിച്ചടിക്കുശേഷം അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. നിയന്ത്രണരേഖയ്ക്കു സമീപം പുലർച്ചെ പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യമാക്കി കനത്ത പീരങ്കി ആക്രമണം നടത്തി. ആക്രമണത്തിൽ ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ എട്ടുപേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിയന്ത്രണരേഖയ്ക്കു സമീപത്തെ ജനവാസമേഖലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ഗ്രാമം വിട്ടുപോകാനും ബങ്കറുകളിലേക്കു മാറാനും നിർബന്ധിതരായി.
രണ്ടാഴ്ച മുമ്പ് 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാം ഭീകരാക്രമണത്തിനു പ്രതികാരമായി പാക്കിസ്ഥാൻ, പാക്ക് അധിനിവേശ കാശ്മീരിലെ ഒൻപതു ഭീകരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയ മണിക്കൂറുകൾക്കു ശേഷമാണ് ഷെല്ലാക്രമണം ഉണ്ടായത്.