മധ്യപ്രദേശിൽ 150 വർഷം പഴക്കമുള്ള കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് എട്ടുപേർ മരിച്ചു. ഖണ്ട്വ ജില്ലയിലെ കൊണ്ടാവത്ത് ഗ്രാമത്തിലെ കിണർ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഹിന്ദു ഉത്സവമായ ഗംഗൗറിനു മുന്നോടിയായി നടക്കുന്ന വിഗ്രഹനിമഞ്ജന ചടങ്ങിനു വേണ്ടിയാണ് കിണർ വൃത്തിയാക്കാൻ ശ്രമിച്ചത്. ഒരു സ്വകാര്യവ്യക്തിയുടെ 150 വർഷം പഴക്കമുള്ള കിണറ്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി ഇറങ്ങിയവരാണ് അപകടത്തിൽപെട്ടത്. കുറച്ചുകാലമായി കിണർ ഉപയോഗത്തിലല്ലായിരുന്നുവെന്ന് പ്രാദേശിക അധികാരികൾ മാധ്യമങ്ങളോടു പറഞ്ഞു.
അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ അർജുൻ എന്ന തൊഴിലാളിയാണ് ആദ്യം കിണറ്റിലിറങ്ങിയെന്നും എന്നാൽ, ഇയാൾ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി കിണറ്റിലെ ചതുപ്പുനിലത്തിലേക്കു വീണതുകണ്ട് മറ്റ് ഏഴുപേർ അർജുനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വിഷപ്പുക ശ്വസിച്ച് മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
വൈകുന്നേരം നാലുമണിയോടെ പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് നാലുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അർജുന്റെ മൃതദേഹമാണ് അവസാനമായി പുറത്തെടുത്തത്.