ഏലത്തൂരിൽ ട്രെയിനിന് തീവച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫിന് തീവ്രവാദ ബന്ധമുണ്ടെന്നു റിപ്പോർട്ടുകൾ. തീവപ്പിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന ഷഹറുഖിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. മഹാരാഷ്ട്ര ഏഡിഎസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച സൂചന ലഭിച്ചതായാണ് വിവരം.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ സംസ്ഥാനം വിട്ട പ്രതിക്കായി ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പോലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു. മുംബെെ പോലീസിൻ്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഒടുവിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, സംഭവത്തിന് പിന്നിൽ ഷഹറുഖിന് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. തീവയ്പ്പിന് പിന്നിലെ പ്രതിയുടെ ലക്ഷ്യത്തെ കുറിച്ചും പോലീസ് ചോദ്യം ചെയ്തു വരികയാണ്.