ഇരുപതിനായിരം രൂപയില്‍ താഴെയുള്ള സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ഒരേ ദാതാവില്‍നിന്ന് ഒരുവര്‍ഷം ഒന്നിലധികം ചെറിയ സംഭാവനകള്‍ സ്വീകരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും തുക വെളിപ്പെടുത്തണമെന്നും കേന്ദ്ര നിയമമന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയില്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ ശുപാര്‍ശ നിയമമന്ത്രാലയത്തിനു കൈമാറി. 20,000
രൂപയില്‍ കൂടുതലുള്ള സംഭാവനകളെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്മിഷനു കണക്കുകള്‍ നല്‍കണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനുതാഴെയുള്ള വ്യക്തിഗത സംഭാവനകള്‍ വെളിപ്പെടുത്തേണ്ടതില്ല. ഈ വ്യവസ്ഥയാണ് ഭേദഗതിചെയ്യുന്നത്.
സ്ഥാനാര്‍ഥികള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നിരുത്സാഹപ്പെടുത്തണം, രണ്ടുസീറ്റില്‍ മത്സരിച്ച് രണ്ടിലും വിജയിക്കുന്നവര്‍ക്ക് പിഴചുമത്തണം തുടങ്ങിയ ശുപാര്‍ശകളും അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിരുന്നു.