Monday, November 25, 2024

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജസ്ഥാനില്‍ വച്ച് റാലിക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുന്നുവെന്ന പരാമര്‍ശത്തിലാണ് കമ്മീഷന്റെ നടപടി.

ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമാണ് നടപടി. താര പ്രചാരകരുടെയും സ്ഥാനാര്‍ത്ഥികളുടെയും കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്. ഉന്നത പദവിയില്‍ ഉള്ളവരുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ ഉള്ളടക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. മതം, ജാതി, സമുദായം എന്നിവയുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ബിജെപിയും കോണ്‍ഗ്രസും പരസ്പരം ഉന്നയിച്ചിരുന്നു.

ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബന്‍സ്വരയില്‍ മോദി നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്ക് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനില്‍ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം.

 

Latest News