Monday, November 25, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പിന് വേണ്ടി നടന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷര്‍ ചൂണ്ടിക്കാണിച്ചു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്ന് വരെയുള്ള 44 ദിവസങ്ങള്‍ നീളുന്ന ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് ഇന്ന് തുടക്കമായത്. രാജ്യത്തെ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും ഇന്ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും.

Latest News