ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിര്‍ന്ന ബിജെ പി നേതാക്കള്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ചര്‍ച്ചയ്ക്കായി കാണും. ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടര്‍ന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ഉത്തര്‍പ്രദേശിലും ഭരണത്തുടര്‍ച്ചയാണ്. സംസ്ഥാനത്ത് ബിജെപിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുള്ളു. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.
ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ചാണ് ബിജെപി വീണ്ടും അധികാരത്തിലേക്കെത്തുന്നത്. ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച നേടുന്ന പാര്‍ട്ടിയായി ബിജെപി മാറി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണമെന്ന ചരിത്രം കുറിക്കുന്നത്. ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിമാര്‍ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ തിരുത്തി എഴുതിയത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, അഞ്ച് മന്ത്രിമാര്‍, അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരായിരുന്നു ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖര്‍.
ദില്ലിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാര്‍ട്ടിയെത്തുന്നു. കോണ്‍ഗ്രസിനെ വന്‍ മാര്‍ജിനില്‍ തറപറ്റിച്ചാണ് വലിയ ഭൂരിപക്ഷത്തില്‍ കേജരിവാളിന്റെ സാധാരണക്കാരുടെ പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലേക്ക് എത്തുന്നത്. ആപ്പിന്റെ മുന്നേറ്റത്തില്‍ കാലിടറിയത് അമരീന്ദര്‍സിംഗ്, ചരണ്‍ജിത് സിങ് ഛന്നി, നവ്‌ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദല്‍ തുടങ്ങിയ മുന്‍ നിരനേതാക്കളാണ്. ദില്ലിയ്ക്ക് അപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ കേജരിവാള്‍. വിവാദ നായകനായ ഭഗ്വന്ത് മാനാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
മണിപ്പൂരിലും ബിജെപി തന്നെയാണ് ഭരണത്തിലേറുക എന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ ഭരണത്തുടര്‍ച്ചയാണ് ഈ സംസ്ഥാനത്തും ഉണ്ടാവുക. മണിപ്പൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലോ ഇതര പാര്‍ട്ടികളിലോ എത്തിയിരുന്നു.