തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ വിചാരണ നേരിടാൻ സ്വയം കീഴടങ്ങുമെന്ന പ്രഖ്യാപനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ആഗസ്റ്റ് 24-ന് ജോര്‍ജിയായിലെ അറ്റ്ലാന്റയിൽ കീഴടങ്ങുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിക്കുമോ? ഞാൻ വ്യാഴാഴ്ച ജോർജിയയിലെ അറ്റ്ലാന്റയിലേക്കു പോവുകയാണ്; കീഴടങ്ങാനായി” – ട്രൂത്ത് സോഷ്യലിൽ തിങ്കളാഴ്ച വൈകിട്ട് ട്രംപ് കുറിച്ചു. കഴിഞ്ഞ ദിവസം ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസുമായി നടത്തിയ ചർച്ചയിൽ ബോണ്ടും റിലീസ് വ്യവസ്ഥകളും അംഗീകരിച്ചതിനെ തുടർന്നാണ് ട്രംപ് കീഴടങ്ങാനുള്ള തീയതി പ്രഖ്യാപിച്ചതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 98 പേജുകളുള്ള കുറ്റപത്രത്തിൽ, 2020-ലെ തിരഞ്ഞെടുപ്പിൽ തോൽവി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് 41 ക്രിമിനൽ കേസുകളാണ് ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.