ഭരണഘടനാവിരുദ്ധമെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ അച്ചടിച്ചത് 8350 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. ഒരു കോടി മൂല്യമുള്ള 8350 ഇലക്ടറല്‍ ബോണ്ടുകളാണ് ഡിസംബര്‍ 29 മുതല്‍ ഈ മാസം 15 വരെയുള്ള കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചിറക്കിയതെന്ന് ധനമന്ത്രാലയം വിവരാവകാശ നിയമപ്രകാരം അറിയിച്ചു.
ഈ മാസം 15നാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് സ്രോതസ്സ് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനം സമാഹരിക്കാന്‍ സഹായിക്കുന്ന പദ്ധതി സത്യസന്ധ്യവും സുതാര്യവുമായ തെരഞ്ഞെടുപ്പെന്ന സങ്കല്‍പ്പം അട്ടിമറിക്കുന്നതായി ഭരണഘടനാബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു.
2018ല്‍ പദ്ധതി തുടങ്ങിയശേഷം കേന്ദ്ര സര്‍ക്കാര്‍ 35,660 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ ഇറക്കിയതില്‍ 16,518 കോടിയുടെ ബോണ്ടുകള്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍. ഇലക്ടറല്‍ ബോണ്ടുവഴി സമാഹരിച്ച ഫണ്ടിന്റെ പകുതിയിലധികവും ബിജെപിക്കാണ് ലഭിച്ചത്.
2019 ഏപ്രില്‍ 12 മുതല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ ഓരോ പാര്‍ട്ടിയും സമാഹരിച്ച ഫണ്ടിന്റെ മുഴുവന്‍ വിശദാംശങ്ങള്‍ മാര്‍ച്ച് 13നുള്ളില്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.