അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചു. വൈദ്യുത ചാര്‍ജ് 6.6 ശതമാനമാണ് വര്‍ധിപ്പിച്ചത്. അതേസമയം പ്രതിമാസം 50 യൂണിറ്റ് വരെ വര്‍ധനയില്ല. 51 മുതല്‍ 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് 25 പൈസയുടെ വര്‍ധന ഉണ്ടാകുമെന്നും റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.
ഈ വര്‍ഷം മാത്രം 92 പൈസ വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ. അഞ്ച് വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്‍ അന്തിമ താരിഫ് പ്രഖ്യാപിച്ചത്. ജൂലൈ മുതലാകും കൂട്ടിയ നിരക്ക് പ്രാബല്യത്തില്‍ വരിക. കോവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധന ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്.